ജാമിഅ മില്ലിയയിൽ സമരം പുനരാരംഭിച്ച് വിദ്യാർഥികൾ; അധികൃതരുടെ തന്ത്രം പൊളിഞ്ഞു
ന്യൂഡൽഹി: വിദ്യാർഥി യൂനിയൻ പുനഃസ്ഥാപനം ആവശ്യപ്പെട്ട് വിദ്യാർഥികൾ തുടങ്ങിയ അനിശ്ചിതകാല സമരം പൊളിക്കാൻ സർവകലാശാല അടച്ചുപൂട്ടി ക്ലാസുകൾ ഓൺലൈനിലാക്കിയ ജാമിഅ മില്ലിയ സർവകലാശാല അധികൃതരുടെ തന്ത്രം പൊളിച്ച് വിദ്യാർഥികൾ.
ലൈബ്രറി അടക്കം അടച്ചുപൂട്ടിയ കാമ്പസിൽ രാത്രി തമ്പടിച്ച വിദ്യാർഥികൾ പൊളിച്ചുനീക്കിയ പന്തൽ പുനഃസ്ഥാപിച്ച് സമരം പുനരാരംഭിച്ചതോടെയാണ് സർവകലാശാല തന്ത്രം പാളിയത്. ഗേറ്റിന് പുറത്ത് അവർക്ക് അഭിവാദ്യമർപ്പിക്കാനും വിദ്യാർഥികൾ തടിച്ചുകൂടിയതോടെ ജാമിഅ വീണ്ടും സംഘർഷ ഭരിതമായി. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ രേഖാമൂലം അറിയിക്കണമെന്ന സമരക്കാരുടെ ആവശ്യത്തിലുടക്കി വിദ്യാർഥികളും സർവകലാശാല നിയോഗിച്ച സമിതിയും തമ്മിലുള്ള ചർച്ച പൊളിഞ്ഞതോടെയാണ് കാമ്പസ് അടച്ചുപൂട്ടി ഓൺലൈനിലാക്കി സമരത്തിന് അന്ത്യം കുറിക്കാമെന്ന് സർവകലാശാല അധികൃതർ കരുതിയത്.
ഞായറാഴ്ച ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ വിദ്യാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. വിദ്യാർഥിനികളെ വനിതാ പൊലീസ് നീക്കം ചെയ്തു. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റിയ സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റിന് സമീപമാണ് വിദ്യാർഥികൾ തടിച്ചുകൂടിയത്. കാമ്പസിനകത്ത് സമരം ചെയ്യുന്നവർ മുദ്രാവാക്യം മുഴക്കി. സമരക്കാരായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് എം.പിമാരായ ഇമ്രാൻ മസൂദും ഇമ്രാൻ പ്രതാപ്ഗഢിയും കാമ്പസ് സന്ദർശിച്ചതിനെതിരെ ബി.ജെ.പിയും സർവകലാശാല അധികൃതരും രംഗത്തു വന്നു.
കശ്മീരിന് സ്വാതന്ത്ര്യം, ശർജീൽ ഇമാമിനെ വിട്ടയക്കുക തുടങ്ങിയ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും ബി.ജെ.പിയെയും സർവകലാശാല അധികൃതരെയും പ്രകോപിതരാക്കി. ചുവരെഴുത്തുകൾ സർവകലാശാലയുടെ അന്തസിനും രാജ്യത്തിന്റെ പരമാധികാരത്തിനും നേരെയുള്ള ആക്രമണമാണെന്ന് വൈസ് ചാൻസലർ മഷർ ആസിഫും രജിസ്ട്രാർ മുഹമ്മദ് മഹ്ത്താബ് ആലം റിസ്വിയും കുറ്റപ്പെടുത്തി. ശർജീൽ ഇമാമിനെ മോചിപ്പിക്കണമെന്നുമുള്ള ആഹ്വാനങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
കാമ്പസിലെ സംഘർഷാവസ്ഥ മുൻനിർത്തിയാണ് സർവകലാശാലയിലെ എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് സർവകലാശാലയുടെ അവകാശവാദം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് മുൻകരുതൽ നടപടിയെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലായിരിക്കും അധ്യയനമെന്നും സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.