രാമനെയും മീരാബായിയെയും അപമാനിച്ചെന്ന് വി.എച്ച്.പി; ദീപാവലി പതിപ്പിൽനിന്ന് കവിത നീക്കി ഗുജറാത്ത് സർക്കാർ

അഹ്മദാബാദ്: ശ്രീരാമനെയും ഭക്തകവയിത്രി മീരാബായിയെയും അപമാനിക്കുന്ന പരാമർശങ്ങളുണ്ടെന്ന വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) പരാതിയെ തുടർന്ന് ഗുജറാത്ത് സർക്കാറിന്റെ വാർഷിക ദീപാവലി പ്രസിദ്ധീകരണത്തിൽനിന്ന് കവിത നീക്കം ചെയ്തു. ഗുജറാത്ത് സർക്കാറിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ‘ഗുജറാത്ത് ദീപോത്സവി അങ്ക്’ എന്ന മാസികയുടെ ഓൺലൈൻ പതിപ്പിൽനിന്നാണ് കവിത ഒഴിവാക്കിയത്.

കവി അസീസ് ടങ്കാർവിയുടെ കവിതയാണ് നീക്കം ചെയ്തത്. പകരം കവി പ്രകാശ് ‘ജലാൽ’ രചിച്ച ‘ജോയിയെ’ എന്ന കവിത ഉൾപ്പെടുത്തി. വിവാദ കവിത നീക്കം ചെയ്തതായി ഗുജറാത്ത് വി.എച്ച്.പി വക്താവ് ഹിതേന്ദ്രസിങ് രജ്പുത് സ്ഥിരീകരിച്ചു. തങ്ങളുടെ ആവശ്യം പരിഗണിച്ച് സർക്കാർ ഉടൻ നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്ന് രജ്പുത് പറഞ്ഞു. ദീപാവലി പതിപ്പിൽനിന്ന് വിവാദ കവിത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 23ന് വി.എച്ച്.പി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തുനൽകിയിരുന്നു.

വി.എച്ച്.പിയുടെ അഹ്മദാബാദ് മേഖല സെക്രട്ടറി അശ്വിൻ പട്ടേൽ നൽകിയ കത്തിലാണ് കവിതക്കെതിരെ പ്രതിഷേധം അറിയിച്ചത്. ഈ വർഷത്തെ വാർഷിക പതിപ്പിന്റെ 389ാം പേജിൽ പ്രസിദ്ധീകരിച്ച കവിതയിൽ ശ്രീരാമനെയും മീരാബായിയെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങളുണ്ടെന്നും ഇത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നുമായിരുന്നു ആരോപണം.

14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമയുമായി ബന്ധപ്പെട്ട ആഘോഷമാണ് ദീപാവലി. അത്തരമൊരു ആഘോഷത്തിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന കവിത ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് വി.എച്ച്.പി കത്തിൽ ചൂണ്ടിക്കാട്ടി.

കവിത നീക്കം ചെയ്യുന്നതിനൊപ്പം രചയിതാവിനും പ്രസിദ്ധീകരണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുത്തുന്ന എഴുത്തുകാരുടെ മുൻകാല രചനകൾ പരിശോധിക്കണമെന്നും രാജ്യത്തോടും മതത്തോടും സംസ്കാരത്തോടും അനുകൂല സമീപനമുള്ള എഴുത്തുകാരുടെ സൃഷ്ടികൾക്കു മാത്രമേ ഭാവിയിൽ ഇടം നൽകാവൂ എന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.

അതേസമയം, കവിതയിലെ ഏതെല്ലാം വരികളാണ് ആക്ഷേപകരമെന്നത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഗുജറാത്ത് സർക്കാറിന്റെ ഇൻഫർമേഷൻ കമീഷണറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ‘ഗുജറാത്ത് ദീപോത്സവി അങ്ക്’ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    
News Summary - VHP Says Rama and Mirabai Were Insulted; Gujarat Government Removes Poem from Diwali Edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.