പ്രതീകാത്മക ചിത്രം

ECINET വിവരങ്ങൾ മറച്ചുവെക്കുന്നു; തെരഞ്ഞെടുപ്പ് കമീഷനെതിരെ കടുത്ത ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിന് ഉപയോഗിക്കുന്ന ECINET സോഫ്റ്റ്‌വെയറിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകുന്നില്ലെന്ന് കോൺഗ്രസ്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിൽ കേന്ദ്രീകൃത അട്ടിമറി നടന്നെന്നും അതു മറച്ചുവെക്കാനാണ് വിവരങ്ങൾ നിഷേധിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ആരോപണം ഉന്നയിച്ചത്.

ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. എസ്ഐആറിനിടെ വോട്ടർ പട്ടികയിലെ പിഴവുകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്‌വെയറിന്റെ പേരും വേർഷനും ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷ കമീഷൻ തള്ളിയതായി റിപ്പോർട്ടിൽ പറയുന്നു. വാണിജ്യ രഹസ്യവും ബൗദ്ധിക സ്വത്തവകാശവും ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ നൽകാനാവില്ലെന്ന് കമീഷൻ അറിയിച്ചത്.

"ECINET-നെ ചുറ്റിപ്പറ്റിയുള്ള സുതാര്യതയില്ലായ്മയും നിർമിത ബുദ്ധിയുടെ ഉപയോഗത്തിലെ അവ്യക്തതയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർത്തു. വൻതോതിൽ കേന്ദ്രീകൃത അട്ടിമറി നടന്നെന്ന യാഥാർത്ഥ്യം പുറത്തുവരാതിരിക്കാനാണ് വിവരങ്ങൾ നൽകാത്തത്," ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ദുർബലമായ കാരണങ്ങൾ പറഞ്ഞ് വിവരങ്ങൾ മറച്ചുവെക്കുന്നത് ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമർശിച്ചു.

ECINET വികസിപ്പിച്ചത് ടാറ്റ കൺസൾട്ടൻസി സർവീസസ് ആണെന്ന വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചില്ലെന്നും കമ്പനി വഴിയാണ് പൊതുജനങ്ങൾ അറിഞ്ഞതെന്നും രമേശ് ചൂണ്ടിക്കാട്ടി. എസ്ഐആറിൽ എഐ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണെന്നിരിക്കെ അത് നിഷേധിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ECINET-നെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗത്തിന്റെ പ്രവർത്തനത്തിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും നേരത്തെ എതിർപ്പ് ഉന്നയിച്ചിരുന്നതായും രമേശ് ആരോപിച്ചു. ഇതുസംബന്ധിച്ച പരാതികൾ പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്സണൽ വകുപ്പ് വരെ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്ഐആറിലെ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ രാജിയും എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവും കോൺഗ്രസ് വീണ്ടും ഉന്നയിച്ചു.

അതേസമയം, സ്ഥാപനത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എല്ലാ ഉത്തരവുകൾക്കും പൂർണ നിയമപരമായ സാധുതയുണ്ടെന്നും ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നുമാണ് വിവാദ റിപ്പോർട്ടുകളോട് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം.

Tags:    
News Summary - Congress Targets Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.