കമിതാക്കൾ ഒളിച്ചോടിയതിന്റെ പേരിൽ ബി.ജെ.പി നേതാവി​ന്റെ നേതൃത്വത്തിൽ പള്ളിയും വീടും തകർത്തു

ഭോപ്പാൽ: ദലിത് യുവതിയും കാമുകനായ മുസ്‍ലിം യുവാവും ഒളിച്ചോടിയതിന് പിന്നാലെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ മുസ്‍ലിം പള്ളിയും വീടും വാഹനങ്ങളും തകർത്തു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഒളിച്ചോടിയ യുവാവിന്റെ വീട് ആക്രമിച്ച സംഘം പള്ളി തകർക്കുകയും പുറത്ത് പാർക്ക് ചെയ്ത കാറുകൾ നശിപ്പിക്കുകയും മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

ഇരുവരെയും കാണാതായതിന് തൊട്ടുപിന്നാലെയാണ് അക്രമണം അഴിച്ചുവിട്ടത്. ഉദയ്‌നഗർ പോലീസ് സ്‌റ്റേഷന് സമീപം മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് ചിലർ വിഡിയോയിൽ പകർത്തിയിരുന്നു. സംഭവത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന സഹോദരന്റെ പരാതിയിൽ യുവാവിനെതിരെയും വർഗീയമായി സംഘടിച്ച് പള്ളിയും വീടും വാഹനങ്ങളും തകർത്തതിന് ബി.ജെ.പി നേതാവ് ഭരത് റാത്തോഡിന്റെ നേതൃത്വത്തിലുള്ള കണ്ടാലറിയാവുന്ന സംഘത്തിനെതിരെയും ​പൊലീസ് കേസെടുത്തു.

അക്രമികളെ സംഘടിപ്പിച്ചത് ​ബി.ജെ.പി നേതാവെന്ന് ​പൊലീസ്

ബി.ജെ.പി നേതാവ് ഭരത് റാത്തോഡിന്റെ നേതൃത്വത്തിലാണ് അക്രമികളെ സംഘടിപ്പിച്ചതെന്ന് ഉദയ്നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നരേന്ദ്ര പരിഹാർ ദേവാസ് 'ദി ക്വിന്റി'നോട് പറഞ്ഞു. 'ഭരതിന്റെ തേൃത്വത്തിൽ 100-150 പേർ ചേർന്ന് മാർക്കറ്റ് അടപ്പിച്ചു. ഒളിച്ചോടിയ യുവാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയവരിൽ പകുതി പേർ പോലീസ് സ്‌റ്റേഷനിലെത്തി, ബാക്കിയുള്ളവർ യുവാവിന്റെ വീടും പള്ളിയും തകർത്തു' പൊലീസ് പറഞ്ഞു.

ആഗസ്റ്റ് 26ന് ഉച്ചക്ക്‌ 2 മണിയോടെയാണ് തന്റെ സഹോദരിയെ ബൈക്കിലെത്തിയ ഫർസാൻ (20) എന്ന യുവാവ് വിളിച്ചുകൊണ്ടുപോയതെന്ന് പരാതിക്കാരനായ യുവാവ് പൊലീസി​നോട് പറഞ്ഞു. 'ഞാനും സഹോദരിയും ചേർന്ന്‌ പറമ്പിൽ കൃഷിക്ക് വളം തളിക്കുകയായിരുന്നു. ഈ സമയം ഫർസാൻ വന്ന്‌ സഹോദരിയെ വിളിച്ചു. സഹോദരിയെ രഹസ്യമായി മോട്ടോർ സൈക്കിളിൽ കയറ്റി കൊണ്ടുപോയി. ഞാൻ നിലവിളി​ച്ചെങ്കിലും അടു​ത്തൊന്നും മറ്റാരും ഉണ്ടായിരുന്നില്ല' -പരാതിയിൽ പറയുന്നു.

ഇരുവരും 12-ാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാ​ണെന്നും കഴിഞ്ഞ വർഷം മുതൽ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫർസാനെതിരെ തട്ടിക്കൊണ്ടുപോകലിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പള്ളി തകർത്തവർക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദേവാസ് പോലീസ് സൂപ്രണ്ട് ശിവദയാൽ സിംഗ് പറഞ്ഞു. 'ദലിത് പെൺകുട്ടിയോടൊപ്പം കാണാതായ മുസ്‍ലിം യുവാവിനെതിരെ യുവതിയുടെ സഹോദരന്റെ പരാതിയിൽ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരാധനാലയം തകർക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തവർ​ക്കെതിരെയും ഞങ്ങൾ കേസെടുത്തിട്ടുണ്ട്' -എസ്.പി പറഞ്ഞു. 

Tags:    
News Summary - MP: Mob Vandalises Mosque, Home of Muslim Man Who 'Eloped' With Dalit Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.