ആര്യവൈശ്യരുടെ ഡി.എൻ.എയിൽ ദീർഘവീക്ഷണവും വിവേകവും, രാഷ്ട്രീയത്തിൽ അർഹമായ പങ്ക് നേടാൻ ഐക്യം അനിവാര്യം; രേവന്ത് റെഡ്ഡി

ഹൈദരാബാദ്: നാമനിർദേശ പദവികൾ അനുവദിക്കുന്നതിൽ കോൺഗ്രസ് സർക്കാർ ആര്യ വൈശ്യ സമൂഹത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഹൈദരാബാദിലെ ഉപ്പലിൽ ആര്യ വൈശ്യ ആത്മഗൗരവ ഭവന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊടംഗൽ മണ്ഡലത്തിലെ മുനിസിപൽ ചെയർപേഴ്സൺ സ്ഥാനത്ത് ആര്യ വൈശ്യ സമൂഹത്തിൽ നിന്നുള്ള പ്രതിനിധിയെ പരിഗണിച്ചിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ആര്യവൈശ്യ സമൂഹത്തിന്റെ ഡി.എൻ.എയിൽ ദീർഘവീക്ഷണവും വിവേകവും ഉൾച്ചേർന്നിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, രാഷ്ട്രീയത്തിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ആര്യ വൈശ്യ സമൂഹം കൂടുതൽ ഐക്യത്തോടെ മുന്നോട്ടുവരണമെന്നും പറഞ്ഞു. സമൂഹത്തിന് ജനസംഖ്യാനുപാതികമായ രാഷ്ട്രീയ പങ്കാളിത്തം ലഭിക്കുന്നില്ലെന്നും ഇതിനായി സംഘടനാപരമായ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി.

ആര്യ വൈശ്യ സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക സംഭാവനകൾ പരാമർശിച്ച രേവന്ത് റെഡ്ഡി മഹാത്മാഗാന്ധിയുടെയും പോട്ടി ശ്രീരാമുലുവിന്റെയും കെ. റോസയ്യയുടെയും സംഭാവനകൾ എടുത്തുപറഞ്ഞു. ‘ഗാന്ധിജിയുടെ അഹിംസാ ആശയം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ചു. ആര്യവൈശ്യ സമുദായത്തിന്റെ മകനായ മഹാത്മാവ് പിന്നീട് ഒരു യഥാർഥ ആഗോള നേതാവായി മാറി. അദ്ദേഹം കോൺഗ്രസുകാരനാണെന്നത് അഭിമാനകരമാണ്’ -രേവന്ത് റെഡ്ഡി പറഞ്ഞു. ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി ജീവത്യാഗം ചെയ്ത പോട്ടി ശ്രീരാമുലുവിനെയും മുഖ്യമന്ത്രി അനുസ്മരിച്ചു.

മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കെ. റോസയ്യയുടെ രാഷ്ട്രീയ ജീവിതവും രേവന്ത് റെഡ്ഡി പ്രത്യേകം പരാമർശിച്ചു. ‘മുൻ മുഖ്യമന്ത്രിമാരായ മാരി ചെന്ന റെഡ്ഡി, വിജയ ഭാസ്‌കർ റെഡ്ഡി, വൈ.എസ്.ആർ എന്നിവർ സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ആര്യവൈശ്യരെ ഏൽപ്പിച്ചു. 2014 ജൂൺ രണ്ടിന് 16,000 കോടി രൂപയുടെ മിച്ച ബജറ്റോടെ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിൽ ധനമന്ത്രി കെ. റോസയ്യ നിർണായക പങ്ക് വഹിച്ചു. റോസയ്യക്ക് അർഹമായ അവസരവും ബഹുമാനവും നൽകിയത് കോൺഗ്രസാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ ആക്രമണാത്മക ശൈലിയിൽ സംസാരിക്കുമ്പോൾ റോസയ്യ തന്നെ മാറ്റിനിർത്തി സംയമനം പാലിക്കാൻ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് രേവന്ത് ഓർമിച്ചു. തെലങ്കാന രാഷ്ട്രീയത്തിൽ ഭാവി നേതാവായി വളരാനുള്ള എന്റെ കഴിവ് തിരിച്ചറിഞ്ഞ മഹാനായ നേതാക്കളിൽ ഒരാളായിരുന്നു റോസയ്യയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Revanth Reddy Calls for Arya Vysyas Political Unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.