ഡൽഹിയിൽനിന്ന് എന്തുകൊണ്ട് മത്സരിച്ചില്ല? കടൽ തടസമായിരുന്നില്ലെങ്കിൽ മറ്റെവിടെയെങ്കിലും മത്സരിച്ചേനെ; നെഹ്റു കുടുംബത്തെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

​ഭോപാൽ: തെരഞ്ഞെടുപ്പുകളിൽ മണ്ഡലം തിരഞ്ഞെടുക്കുന്ന നെഹ്റു കുടുംബത്തിന്റെ രീതിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർ എന്തുകൊണ്ടാണ് ഡൽഹിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതെന്ന് മോഹൻ യാദവ് ചോദിച്ചു. വോട്ടർമാർക്ക് കുടുംബത്തെ നന്നായി അറിയാമായിരുന്നതിനാലാണ് ഡൽഹി ഒഴിവാക്കിയതെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു.

റായ്ബറേലി, അമേഠി, വയനാട് തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചെങ്കിലും ഡൽഹിയിൽ നിന്ന് മത്സരിക്കാൻ നെഹ്റു കുടുംബം തയാറായില്ല. കടൽ തടസമായിരുന്നില്ലെങ്കിൽ അറബ് രാജ്യങ്ങളിലേക്കും പോയി തെരഞ്ഞെടുപ്പിൽ മത്സരിച്ചേനെയെന്നും യാദവ് പരിഹസിച്ചു.

‘ജവഹർലാൽ നെഹ്‌റു ആയാലും ഇന്ദിരാഗാന്ധി ആയാലും രാജീവ് ഗാന്ധി ആയാലും, വോട്ടർമാർക്ക് അവരെ നന്നായി അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് അവർ ഡൽഹിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത്. റായ് ബറേലി, അമേഠി, വയനാട് തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് അവർ മത്സരിച്ചു, പക്ഷേ ആളുകൾക്ക് അവരെ നന്നായി അറിയാവുന്നതിനാൽ ഡൽഹിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കി. കടൽ തടസമായില്ലായിരുന്നില്ലെങ്കിൽ അവർ അറബ് രാജ്യങ്ങളിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുമായിരുന്നു’ -മോഹൻ യാദവ് പറഞ്ഞു.

ലാഡ്‍ലി ബെഹ്ന യോജനയുടെ 40ാം പ്രതിമാസ ഗഡു വിതരണം ചെയ്യുന്ന സംസ്ഥാനതല പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സെപ്റ്റംബർ 19ന് ഇൻഡോറിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയെയും മോഹൻ യാദവ് വിമർശിച്ചു. ‘വിദ്യാർഥികളുമായും യുവാക്കളുമായും സംവദിക്കാനെന്ന പേരിൽ ജൂഠ് കി ഗൂഞ്ചിന് (നുണകളുടെ പ്രതിധ്വനികൾ) ഒരു നേതാവ് വരുന്നു. അവന്റെ പേര് തന്നെ പപ്പു എന്നാണ്. എന്തുചെയ്യാൻ കഴിയും?’ -രാഹുൽ ഗാന്ധിയെ വ്യക്തിപരമായി പരിഹസിച്ചും മുഖ്യമന്ത്രി രംഗത്തെത്തി.

കോൺഗ്രസ് നേതാക്കൾ ജുഡീഷ്യറിയെയും സായുധസേനയെയും നിരന്തരം ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ കോൺഗ്രസ് സർക്കാരുകൾ കൊള്ളയും നക്സലിസവും തടയുന്നതിൽ പരാജയപ്പെട്ടതിന് രാഹുൽ ഗാന്ധി മധ്യപ്രദേശിലെ ജനങ്ങളോട് മാപ്പുപറയണമെന്നും യാദവ് ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് കൊള്ളക്കാരുടെയും നക്സൽ പ്രവർത്തകരുടെയും ഭീഷണി ഇല്ലാതാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - Madhya Pradesh CM Mohan Yadav mocks Nehru family over choice of poll constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.