പ്രതീകാത്മക ചിത്രം
മണിപ്പൂരിൽ അജ്ഞാതരുടെ ആക്രമണം; നാല് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു, നാഗാ വിമതർക്ക് പങ്കെന്ന് ആരോപണം
ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കുക്കി ഗോത്രത്തിൽ പെട്ട നാല് പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് പിന്നിൽ നാഗാ വിമത സംഘടനകളായ എൻ.എസ്.സി.എൻ (ഐ.എം), ഇസെഡ്.യു.എഫ് (കെ) എന്നിവയുമായി ബന്ധമുള്ളവരാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
തമൻഗ്ലോങ്, നോണി ജില്ലകളിലെ ആക്രമണങ്ങൾക്ക് പിന്നാലെ ഒരു സ്ത്രീയെ കാണാതായതായും റിപ്പോർട്ടുണ്ട്.
തമൻഗ്ലോങ് ജില്ലയിലെ ടൊലെൻ ഗ്രാമത്തിലാണ് ആദ്യം ആക്രമം നടന്നത്. ടോലെൻ കുക്കി ഗ്രാമത്തിൽ താമസിക്കുന്ന സെയ്ൻ സിങ്സിറ്റും ഭാര്യ ലിങ്സാങായിയുമാണ് വെടിയേറ്റ് മരിച്ചത്. ഇവരുടെ ആറുവയസ്സുള്ള മകന് പരിക്കേറ്റിട്ടുമുണ്ട്. ലിങ്സാങായി സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സെയ്ൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ തിങ്കളാഴ്ച നടക്കും.
സംഭവത്തിൽ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്ങിന്റെ ഓഫിസ് ദുഃഖം രേഖപ്പെടുത്തി. നിരപരാധികളായ സാധാരണക്കാർക്കെതിരായ ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അരി കൊണ്ടുപോകുന്നവർക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ജൂലി ഗാങ്‌ടെയും താങ്‌റോവൽ ഗാങ്‌ടെയും ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെയാണ് കാണാതായത്.
1992 ൽ ആരംഭിച്ച് ആറ് വർഷം നീണ്ടുനിന്ന കുക്കി-നാഗ വംശീയ സംഘർഷത്തിൽ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 2023 ലെ കുക്കി-മെയ്തി ആക്രമണത്തിൽ 260ലധികം പേരും കൊല്ലപ്പെട്ടു.
ഈ വർഷം മേയ് 13ന് കാങ്‌പോക്പി ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്ന് നാഗാ വിഭാഗത്തിൽപ്പെട്ട ആറ് പേരെ ബന്ദികളാക്കിയിരുന്നു. ജൂൺ 10ന് കുക്കി മേഖലക്ക് സമീപത്തുനിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഇതിന് മുമ്പ് ഫെബ്രുവരിയിൽ നടന്ന നാഗാ വിഭാഗക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ 14 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടതായും നിരവധി വീടുകൾ കത്തിച്ചതായും കുക്കി സംഘടനകൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.