എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് കേരളം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈകോടതി

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) മാറ്റിവെക്കുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കേരള ഹൈകോടതി. ബീഹാർ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എസ്.ഐ.ആറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീംകോടതിയുടെ മുന്നിലുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം.

സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, സർക്കാർ എസ്.ഐ.ആറിനെ വെല്ലുവിളിക്കുകയല്ല, മറിച്ച് അത് മാറ്റിവയ്ക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രപരിഷ്കരണത്തിന്റെ സാധുതയെ കേരളം ചോദ്യം ചെയ്തിട്ടില്ല. കേരളത്തിൽ എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് മാത്രമാണ് റിട്ട് ഹരജിയിലെ ആവശ്യം,’ എ.ജി പറഞ്ഞു.

അതേസമയം വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കുന്നതാവില്ലേ അനുയോജ്യമാവുകയെന്ന് ജസ്റ്റിസ് വി.ജി. അരുൺ ചോദിച്ചു. ‘സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾ ഉന്നയിച്ച ആവശ്യം, തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ പറയുകയാണ്. സുപ്രീം കോടതിൽ ഉന്നയിക്കുന്നതല്ലേ നന്നാവുക?’ ജഡ്ജി ചോദിച്ചു.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് കേരളത്തിന്റെ ഹരജി.

ഹർജി പ്രകാരം, തിരഞ്ഞെടുപ്പിന് 68,000 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ഏകദേശം 1,76,000 സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമായി വരും. കൂടാതെ, എസ്‌.ഐ.ആറിന്റെ നടത്തിപ്പിന് 25,668 പേരുടെ അധിക ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണ്. ഇത് സംസ്ഥാനത്തിന് മേൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുമെന്നും പതിവ് ഭരണപരമായ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുമെന്നും ഹരജിയിൽ പറയുന്നു.

എസ്‌.ഐ.ആറിനും പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്കും ഒരേ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടി വരും. ‘തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പരിചയസമ്പന്നരും പരിശീലനം ലഭിച്ചവരുമായ ജീവനക്കാരുടെ എണ്ണം പരിമിതമാണ്. ഇത് യഥാർത്ഥ വിന്യാസത്തെ പരിമിതപ്പെടുത്തുന്നു. ഒരേസമയം എസ്‌.ഐ.ആർ, തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുക അസാധ്യമായ കാര്യമാണ്. അങ്ങനെ ചെയ്യേണ്ടി വരുന്നത് ഒരുപക്ഷേ സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കുമെന്നും സർക്കാർ ഹരജിയിൽ വ്യക്തമാക്കി.

ഈ വർഷം ഡിസംബർ 21 ന് മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെങ്കിലും, എസ്‌.ഐ.ആറിന്റെ കാര്യത്തിൽ അത്തരമൊരു അടിയന്തരാവസ്ഥയില്ലെന്ന് സംസ്ഥാനം പറഞ്ഞു.

1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21(2) പ്രകാരം, തെരഞ്ഞെടുപ്പ് കമീഷന്റെ മറിച്ചുള്ള നിർദേശമില്ലെങ്കിൽ ലോക്സഭയിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ ഉള്ള ഓരോ പൊതു തിരഞ്ഞെടുപ്പിനും മുമ്പ് വോട്ടർ പട്ടിക പരിഷ്കരിക്കേണ്ടതുണ്ട്.

സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ പ്രക്രിയ 2026 മെയ് 24ന് മുമ്പ് മാത്രമേ പൂർത്തിയാക്കേണ്ടതുള്ളൂ എന്നതിനാൽ, സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്കൊപ്പം എസ്‌.ഐ.ആർ നടപ്പിലാക്കേണ്ട അടിയന്തിര ആവശ്യമില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം.

അതേസമയം, അടുത്ത വർഷം കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികളെന്ന് ഇ.സി.ഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി. സംസ്ഥാനത്തിൻറെ വാദം അടിസ്ഥാന രഹിതമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളുമായി ഏകോപിപ്പിച്ചാണ് കേ​ന്ദ്ര​ തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായും വിവിധ ഉദ്യോഗസ്ഥരുമായും കലക്ടർമാരുമായും കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. ഇവരാരും സമാനമായ പ്രതിസന്ധി ഉന്നയിച്ചിട്ടില്ല. സ്തംഭനാവസ്ഥ ഉണ്ടാകുമെന്ന് പറയുന്നത് സംസ്ഥാനം മാത്രമാണെന്നും ദ്വിവേദി പറഞ്ഞു.

തുടർന്ന്, കേസിൽ വിധി പറയാൻ മാറ്റി. ഉത്തരവ് വെള്ളിയാഴ്ച പ്രഖ്യാപിക്കും.

Tags:    
News Summary - Move Supreme Court: Kerala High Court on plea by State to defer SIR; order to be delivered tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.