ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിക്കെതിരെ കുരുക്ക് മുറിക്കി കേന്ദ്രസർക്കാർ. ഇ.ഡിയും സി.ബി.ഐയും സെബിയും അന്വേഷണം തുടങ്ങിയതിന് പിന്നാലെ കോർപ്പറേറ്റ് കാര്യമന്ത്രാലയവും അനിൽ അംബാനിക്കെതിരെ അന്വേഷണം തുടങ്ങി. റിലയൻ ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് തുടങ്ങിയ കമ്പനികളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കോർപ്പറേറ്റ്കാര്യമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ.ഒ അനിൽ അംബാനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവിധ ഫണ്ടുകൾ എങ്ങനെയാണ് കൈമാറിയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് ഏജൻസി പരിശോധിക്കുക.
നേരത്തെ അംബാനി കുടുംബം താമസിക്കുന്ന പാലി ഹിൽസും ഡൽഹിയിലെ റിലയൻസ് സെന്‍ററും ഉൾപ്പെടെ 3000 കോടി രൂപയുടെ 40 സ്വത്തു വകകൾ ഇ.ഡി കണ്ടു കെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പിനെതിരെ അന്വേഷണം നടന്ന് വരുന്നതിനിടെയായിരുന്നു നടപടി.
നോയിഡ, ഗാസിയാബാദ്, മുംബൈ, പുനെ, താനെ, ഹൈദരാബാദ്, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്വത്തു വകകളും കണ്ടു കെട്ടിയിട്ടുണ്ട്. ഇ.ഡി നടപടിയിൽ കമ്പനി പ്രതികരിച്ചിട്ടില്ല. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡും റിലയൻസ് കൊമേഴ്സ് ഫിനാൻസ് ലിമിറ്റഡും സ്വരൂപിച്ച പബ്ലിക് ഫണ്ട് വക മാറ്റി, കള്ളപ്പണം വെളുപ്പിച്ചു എന്നിവയാണ് കമ്പനിക്കു മേലുള്ള കേസ്.
2017-19 കാലയളവിൽ യെസ് ബാങ്ക് ഫിനാൻസ് ഹോം ലിമിറ്റഡിൽ 2695 കോടിയും കൊമേഴ്സ് ഫിനാൻസിൽ 2,045 കോടിയും നിക്ഷേപിച്ചുവെന്നും എന്നാൽ 2019 ഡിസംബറോടെ ഇത് നിഷ്ക്രിയ നിക്ഷേപമായി മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഫിനാൻസ് ഹോം ലിമിറ്റഡിന് 1984 കോടി രൂപയും കൊമേഴ്സ്യൽ ഫിനാൻസിന് 1984 കോടി രൂപയും കുടിശ്ശിക ഉണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.