മൂന്നുദിവസത്തിനിടെ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയത് 3.4 ലക്ഷത്തിലധികം കുട്ടികൾ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിലും മൂന്നുദിവസത്തിനിടെ രാജ്യത്ത് ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയത് 3.4 ലക്ഷത്തിലധികം കുട്ടികൾ. ആകെ രജിസ്റ്റർ ചെയ്ത 4,58,521 കുട്ടികളിൽ 3,43,958 പേരും പരീക്ഷയെഴുതി.

'ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഇതുവരെയുള്ള ഹാജർനില പുറത്തുവന്നു. ഏറെ പ്രയാസപ്പെട്ട് നിരവധി വിദ്യാർഥികളാണ് കോവിഡ് ഭീതിക്കിടയിലും പരീക്ഷയെഴുതിയത്. കുട്ടികളുടെ ഭാവിയെ ആശങ്കപ്പെടുത്താതെ പരീക്ഷ നടത്താൻ പിന്തുണച്ച പ്രധാനമന്ത്രിയോട് നന്ദി പറയുന്നു'. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ട്വീറ്റ് ചെയ്തു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ദിവസം രണ്ടു സ്ലോട്ടുകളായാണ് പരീക്ഷ നടത്തുന്നത്. രാവിലെ ഒമ്പതുമുതൽ 12 വരെയും, 3 മുതൽ ആറു വരെയുമാണ് പരീക്ഷ. സെപ്തംബർ ഒന്നു മുതൽ ആറു വരെയാണ് രാജ്യത്ത് പരീക്ഷ നടക്കുന്നത്.

സെപ്തംബർ ഒന്നിന് നടന്ന ജെ.ഇ.ഇ മെയിൻ ബി.ആർക്ക്, ബി.പ്ലാനിങ്ങ് പേപ്പറിന് 54.67 ശതമാനമാണ് ഹാജർ രേഖപ്പെടുത്തിയത്. രണ്ടിന് നടന്ന ബി.ടെക്, ബിഇ പേപ്പറിന് 81.08 ശതമാനവും ഇതേ പേപ്പറിൽ മൂന്നിന് നടന്ന പരീക്ഷയിൽ 82.14 ശതമാനവുമാണ് ഹാജർ രേഖപ്പെടുത്തിയത്.

രാജ്യത്തെ ഐ.ഐ.ടികളിലേക്കും എൻ.ഐ.ടികളിലേക്കുമുള്ള എൻജിനീയറിംഗ് പ്രവേശനത്തിനായാണ് പരീക്ഷ നടത്തുന്നത്.

അതിനിടെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്, ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്.

പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങളുംകേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും സമർപ്പിച്ച ഹരജിയാണ് സർക്കാർ ഇന്ന് പരിഗണിക്കുക.

പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെയ സമര്‍പ്പിച്ച റിവ്യൂ ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.

ആഗസ്റ്റ് 17ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്. കോവിഡ് സമയത്തും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് പരീക്ഷക്ക് അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.