ന്യൂഡൽഹി: ഇന്ത്യയിൽ 180 ദിവസത്തെ വിസാ കാലാവധിയിൽ എത്തുന്ന വിദേശികൾക്ക് അതിന് ശേഷവും ഇവിടെ തങ്ങണമെന്നുണ്ടെങ്കിൽ കാലാവധി കഴിയുന്നതിന് മുമ്പേ രജിസ്റ്റർ ചെയ്യണം. നിലവിൽ കാലാവധി കഴിഞ്ഞ് 14 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ മതി എന്നായിരുന്നു വ്യവസ്ഥ. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി.
180 ദിവസത്തിലധികം താമസിക്കാനുള്ള വിസ എടുത്തിട്ടുള്ളവരുടെ കാര്യത്തിലും ഓരോ തവണത്തെ താമസവും 180 ദിവസം കവിയാൻ പാടില്ലെന്നാണ് പുതിയ ചട്ടം വ്യക്തമാക്കുന്നത്. ഓരോ തവണയും ഈ കാലാവധി കഴിഞ്ഞും ഒറ്റത്തവണയായിട്ടോ അല്ലെങ്കിൽ ഒരു കലണ്ടർ വർഷത്തിൽ മൊത്തത്തിലോ ഇവിടെ താമസിക്കണമെന്നുള്ളവർ 180 ദിവസം കഴിയുന്നതിനുമുമ്പ് എപ്പോഴെങ്കിലും രജിസ്റ്റർ ചെയ്തിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് അത്തരം രജിസ്ട്രേഷൻ അംഗീകരിക്കുക.
കുട്ടികളുടെ കാര്യത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇവിടെ ജനിക്കുന്ന ശിശുവിന്റെ മാതാപിതാക്കൾ ഒരാളോ രണ്ടുപേരുമോ വിദേശിയാണെങ്കിൽ വിസാ സേവനം ലഭ്യമാക്കാൻ കുഞ്ഞ് ജനിച്ച് 30 ദിവസത്തിനകം രജിസ്ട്രേഷൻ ഓഫിസറെ ഇലക്ട്രോണിക് മാർഗത്തിലൂടെ അറിയിക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്.
മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ, കുട്ടിക്ക് ഇന്ത്യൻ പൗരത്വം നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ വ്യവസ്ഥയിൽ ഇളവ് ലഭിക്കും. കുട്ടിക്ക് പിന്നീട് വിദേശ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ 30 ദിവസത്തിനകം മാതാപിതാക്കളിൽ ഒരാൾ രജിസ്ട്രേഷൻ ഓഫിസറെ വിവരം അറിയിക്കണം.
വിദേശികൾക്ക് ചികിത്സയോ താമസസൗകര്യമോ നൽകുന്ന എല്ലാ ആശുപത്രികളും നഴ്സിങ് ഹോമുകളും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളും അധികൃതർക്ക് നൽകേണ്ട റിപ്പോർട്ടിങ് ആവശ്യകതകളിലും ഭരണപരമായ നടപടിക്രമങ്ങളിലും പുതിയ വിജ്ഞാപനത്തിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.