ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഡേറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയാതെ കേന്ദ്ര സർക്കാറിന് കീഴിലെ വിദ്യാഭ്യാസ ഏജൻസികൾ.
സി.ബി.എസ്.ഇ 12ാം ക്ലാസ് ഓൺ-സ്ക്രീൻ മാർക്കിങ് പോർട്ടലിന് സമാനമായി ദേശീയ പരീക്ഷാ ഏജൻസിയായ എൻ.ടി.എയുടെ നീറ്റ് പുനഃപരീക്ഷ പോർട്ടലിലും ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് ഹാക്കറുടെ വെളിപ്പെടുത്തൽ.
നീറ്റ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുതന്നെ മേൽനോട്ടം വഹിക്കുന്നതിനിടെയാണ് പോർട്ടലിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പുതിയ പ്രശ്നങ്ങൾ. 16 കാരനായ സൈബർ സെക്യൂരിറ്റി അനലിസ്റ്റ് റൈലൻ അനിൽ ആണ് എൻ.ടി.എ പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിട്ടത്.
ആയിരക്കണക്കിന് പരീക്ഷാ നിരീക്ഷകർ, സെന്റർ കോഓഡിനേറ്റർമാർ എന്നിവരുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പോർട്ടലിലെ സുരക്ഷാവീഴ്ച മൂലം ചോർന്നതായാണ് ആരോപണം.
കൂടാതെ, പോർട്ടലിന്റെ അഡ്മിനിസ്ട്രേറ്റിവ് ഡാഷ്ബോർഡിൽ അനധികൃതമായി പ്രവേശിച്ച് ഡേറ്റകൾ മാറ്റാനും ഔദ്യോഗിക നിയമനക്കത്തുകൾ നിർമിക്കാനും സാധിക്കുന്ന തരത്തിൽ വലിയ പിഴവുകളാണ് ഉള്ളതെന്നും ഹാക്കർ ചൂണ്ടിക്കാട്ടുന്നു.
ഈ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ എൻ.ടി.എ പുനഃപരീക്ഷ പോർട്ടൽ ലിങ്ക് ‘404 നോട്ട് ഫൗണ്ട്’ എന്ന എറർ സന്ദേശത്തോടെ നിശ്ചലമായി. സംഭവത്തിൽ എൻ.ടി.എ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.
22 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് എൻ.ടി.എക്ക് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിക്കേണ്ടിവന്നത്. എൻ.ടി.എയുടെ കാര്യശേഷി കോടതിയിലടക്കം ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് പോർട്ടലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത്.
കഴിഞ്ഞ ദിവസം സി.ബി.എസ്.ഇ 12ാംക്ലാസ് വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ എ.ഡബ്ല്യു.എസ് ക്ലൗഡ് സ്റ്റോറേജ് വഴി ഓൺലൈനിൽ പരസ്യമായി ലഭ്യമാണെന്ന് 19 വയസ്സുകാരനായ നിസർഗ അധികാരി എന്ന എത്തിക്കൽ ഹാക്കർ വെളിച്ചത്തുകൊണ്ടുവന്നിരുന്നു.
കൗമാരക്കാരായ കുട്ടികൾക്കുപോലും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന സുരക്ഷാ വീഴ്ചയാണ് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സർക്കാർ പോർട്ടലുകൾക്കുള്ളതെന്ന വിമർശനം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.