2025ൽ ഇതുവരെ മാത്രം യു.പിയിൽ 13,000ത്തിലധികം റോഡ് അപകടങ്ങൾ; 7,700 മരണങ്ങൾ, ഞെട്ടിക്കുന്ന റിപ്പോർട്ടുമായി റോഡ് സുരക്ഷ സെൽ

ലഖ്‌നൗ; രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന സംസ്ഥനമായി ഉത്തർപ്രദേശ്. 2025ലെ മാത്രം (ജനുവരി 1 മുതൽ മേയ് 20 വരെ) കണക്കെടുത്താൽ യു.പിയിൽ 13,000ത്തിലധികം റോഡ് അപകടങ്ങളിൽ നിന്നായി ഏകദേശം 7,700 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടങ്ങൾ കൂടുതലും ഉച്ചകഴിഞ്ഞും വൈകുന്നേരങ്ങളിലുമാണ് സംഭവിക്കുന്നതെന്നാണ് സംസ്ഥാന റോഡ് അപകട കമീഷന്റെ വിശകലനം.

2024ലെ കണക്കുകൾ പരിശോധിച്ചാൽ 46,052 റോഡ് അപകടങ്ങൾ യു.പിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 24,118 പേർ മരിച്ചതായും 34,665 പേർക്ക് പരിക്കേറ്റതായും പറയുന്നു. 2023ലെ കണക്കനുസരിച്ച് 44,534 റോഡ് അപകടങ്ങളിൽ നിന്നായി 23,652 പേർ മരിച്ചതായും 31,098 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകളെ വ്യക്തമാക്കുന്നു.

എല്ലാ അപകടങ്ങളുടെയും 60 ശതമാനത്തിലധികവും ഉച്ചകഴിഞ്ഞും (ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 വരെ) വൈകുന്നേര (വൈകുന്നേരം 6 മുതൽ 9 വരെ) സമയങ്ങളിലുമാണ് സംഭവിക്കുന്നത്. ഉത്തർപ്രദേശ് റോഡ് സേഫ്റ്റി ആൻഡ് അവയറൻസ്‌ സെൽ സമാഹരിച്ച വിശകലന റിപ്പോർട്ടിന്റെ ഭാഗമാണ് ഈ കണ്ടെത്തലുകൾ. ഇതിനായി ഐ.ആർ.എൻ.ഡി (ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡാറ്റാബേസ്), ഇ.ഡി.എ.ആർ (ഇ-ഡീറ്റെയിൽസ് ആക്സിഡന്റ് റെക്കോഡ്), സംസ്ഥാന റോഡ് സുരക്ഷ ഡാഷ്‌ബോർഡ് എന്നിവയിലെ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ റിപ്പോർട്ട് അവതരിപ്പിച്ചത്.

ഉറക്കക്കുറവ് മൂലമുള്ള ഡ്രൈവർമാരുടെ ക്ഷീണമാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ ആളൊഴിഞ്ഞ റോഡുകളായതിനാൽ അമിത വേഗതയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ടുള്ള അപകടങ്ങളും കൂടുതലാണ്. ഇതിനുള്ള പ്രതിവിധിയായി ഉത്തർപ്രദേശിൽ പൊലീസ് പരിശോധന കർശനമാക്കുമെന്നും നിയമ ലംഘനം തത്സമയം കണ്ടെത്തുന്നതിന് സി.സി.ടി.വി സ്ഥാപിക്കുമെന്നും റോഡ് സുരക്ഷ സെൽ പറഞ്ഞു.

Tags:    
News Summary - More than 13,000 road accidents in UP in 2025 alone; 7,700 deaths, Road Safety Cell with shocking report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.