മോഹൻ ദേൽകറുടെ മരണം; പ്രഫുൽ പട്ടേൽ പ്രതിയായ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല

മുംബൈ: ദാദ്ര ആൻഡ് നാഗർ ഹവേലി എം.പി മോഹൻ ദേൽക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. നിലവിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ദാദ്ര ആൻഡ് നാഗർ ഹവേലി മുൻ അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ പട്ടേൽ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണത്തിൽ പുരോഗതിയൊന്നുമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് തവണ ദാദ്ര ആൻഡ് നാഗർ ഹവേലി സന്ദർശിച്ചിരുന്നു. മോഹൻ ദേൽക്കറിന്‍റെ മകൻ അഭിനവിന്‍റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പല സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനായില്ലെന്നും പലരും കോവിഡ് ബാധിതരാണെന്നും പൊലീസ് പറയുന്നു. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചു. ഇതോടെ അന്വേഷണം നിലച്ച അവസ്ഥയാണ്.

ദേൽകറിന്‍റെ മകന്‍റെ മൊഴിയല്ലാതെ ആത്മഹത്യ പ്രേരണ തെളിയിക്കുന്ന മറ്റു തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് വാദം.

ഫെബ്രുവരി 22നാണു മുംബൈയിലെ ഹോട്ടലിൽ മോഹൻ ദേൽകറെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഫുൽ പട്ടേലും അദ്ദേഹത്തിന്‍റെ ഓഫിസും തന്നെ വേട്ടയാടുകയായിരുന്നു എന്ന സൂചനയോടെ 15 പേജ് വരുന്ന കുറിപ്പ് എഴുതിവച്ചിട്ടാണ് മോഹൻ ദേൽകർ ജീവനൊടുക്കിയത്.

അഡ്മിനിസ്ട്രേറ്റർക്കും മറ്റുള്ളവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ദേൽകറുടെ മകൻ അഭിനവ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടതിനു പിന്നാലെയാണ് മാർച്ചിൽ ആരോപണ വിധേയർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു മുംബൈ പൊലീസ് കേസെടുത്തത്. പ്രഫുൽ പട്ടേൽ ഉൾപ്പെടെ തന്‍റെ പിതാവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും അതാണ് മരണത്തിന് കാരണമെന്നും മകൻ ആരോപിച്ചിരുന്നു. 25 കോടി രൂപ പട്ടേൽ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെന്നും മകൻ പറയുന്നു. 

Tags:    
News Summary - Mohan Delkar death: No progress in probe, say investigators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.