മുംബൈ: 75 വയസ്സു തികയുന്നവർ കർമപദത്തിൽനിന്ന് വിരമിച്ച് മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പുരിൽ ആർ.എസ്.എസ് നേതാവ് മൊറോപന്ത് പിൻഗ്ലെയെ കുറിച്ചുള്ള പുസ്തകം പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
75 തികഞ്ഞ് നിങ്ങളെ ഷാൾ പുതച്ച് ആദരിച്ചാൽ അതിനർഥം നിങ്ങളുടെ കാലം കഴിഞ്ഞെന്നും മറ്റുള്ളവർക്ക് വഴിമാറിക്കൊടുക്കണമെന്നുമാണെന്നും പിൻഗ്ലെ പറഞ്ഞിട്ടുണ്ടെന്നാണ് ഭാഗവത് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണ് ഭാഗവതിന്റെ പരാമർശമെന്ന് കോൺഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും പ്രതികരിച്ചു. വരുന്ന സെപ്റ്റംബർ 17ന് മോദിക്ക് 75 തികയുന്ന പശ്ചാത്തലത്തിലാണ് ഭാഗവതിന്റെ പരാമർശമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സെപ്റ്റംബർ 11ന് 75 തികയുന്ന ഭാഗവതിനോടും വഴിമാറാൻ മോദിയും ആവശ്യപ്പെടണമെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു.
75 കഴിഞ്ഞ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് എന്നിവർ മോദിയുടെ സമ്മർദത്തെ തുടർന്ന് വിരമിച്ചവരാണെന്നും അതേ നയം സ്വന്തം കാര്യത്തിലും മോദി പാലിക്കുമോയെന്ന് കാത്തിരുന്നു കാണാമെന്നുമാണ് ഉദ്ധവ്പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.