ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയില്‍ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ജില്ല വരണാധികാരിയോട് നിര്‍ദേശിച്ചു.
പ്രധാനമന്ത്രി റോഡ് ഷോ നടത്തുന്നതിനുമുമ്പ് അനുമതി നേടിയിരുന്നോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. കമീഷന്‍െറ മുന്‍കൂര്‍ അനുമതി വേണമെന്ന ചട്ടം ലംഘിച്ച് പ്രധാനമന്ത്രി ശനിയാഴ്ച റോഡ് ഷോ നടത്തിയെന്ന് കോണ്‍ഗ്രസും ബി.എസ്.പിയും പരാതി സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും സംയുക്തമായി സംഘടിപ്പിച്ച റോഡ് ഷോക്ക് ശേഷമാണ് മോദി അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
റോഡ് ഷോ നടത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ചട്ടം പ്രധാനമന്ത്രിതന്നെ ലംഘിച്ചത് ഗൗരവത്തോടെ കാണണമെന്നും അതില്‍ നടപടിയെടുക്കണമെന്നും ബി.എസ്.പിയും പരാതിയില്‍ ബോധിപ്പിച്ചു. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി നടത്തിയ പരിപാടി സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വാരാണസി ജില്ല വരണാധികാരി വിജയ് ദേവിന് നിര്‍ദേശം നല്‍കിയത്.
ഉത്തര്‍പ്രദേശിലെ 49 മണ്ഡലങ്ങളില്‍ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെയാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന വാരാണസിയില്‍ മോദി അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.