ബംഗളൂരുവിൽ മോദിയുടെ മെഗാ റോഡ് ഷോ ഇന്ന്

ബംഗളൂരു: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന മെഗാ റോഡ് ഷോ ശനിയാഴ്ച ബംഗളൂരു നഗരത്തിൽ ആരംഭിക്കും. ‘നമ്മുടെ ബംഗളൂരു, നമ്മുടെ അഭിമാനം’ തലക്കെട്ടിൽ നടക്കുന്ന റോഡ് ഷോ ശനിയാഴ്ച രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിക്കും. ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാർ മെമ്മോറിയലിൽ സമാപിക്കും.

നേരത്തെ ശനിയാഴ്ച മാത്രമായി 36.6 കിലോമീറ്റർ മെഗാഷോയാണ് തീരുമാനിച്ചിരുന്നത്. ഇത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാവുമെന്നും നഗരജീവിതം സ്തംഭിപ്പിക്കുമെന്നുമുള്ള പരാതി ഉയർന്നതോടെ ബി.ജെ.പി നേതൃത്വം റോഡ് ഷോ രണ്ടു ദിവസത്തേക്കാക്കി മാറ്റുകയായിരുന്നു.

എന്നാൽ, ഞായറാഴ്ച നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ നടക്കുന്നതിനാൽ ബംഗളൂരു നഗരത്തിൽ പലയിടത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഞായറാഴ്ചയും തുടരുന്ന മോദിയുടെ റോഡ് ഷോ നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് പരാതിയുയർന്നു.

ഞായറാഴ്ച ബ്രിഗേഡ് റോഡിലെ ന്യൂ വാർ മെമ്മോറിയലിൽ പുനരാരംഭിക്കുന്ന റോഡ് ഷോ വൈകീട്ടോടെ മല്ലേശ്വരത്തെ സാങ്കി റോഡിൽ സമാപിക്കും. റോഡ് ഷോ നഗരത്തിന്റെ പ്രധാന പാതകളിലൂടെ കടന്നുപോകുന്നതിനാൽ ഈ മേഖലകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. രണ്ടു ദിവസങ്ങളിലായി 18 മണ്ഡലങ്ങളിലാണ് ബംഗളൂരുവിൽ മോദി പ്രചാരണം നയിക്കുക.

ശനിയാഴ്ച വൈകീട്ട് ബാഗൽകോട്ടിലെ ബദാമിയിലും ഹാവേരിയിലും ഞായറാഴ്ച വൈകീട്ട് ശിവമൊഗ്ഗ റൂറൽ, നഞ്ചൻഗുഡ് എന്നിവിടങ്ങളിലും മോദി റാലി നയിക്കും. നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ പൂജയോടെ പ്രചാരണ പരിപാടികൾ മോദി അവസാനിപ്പിക്കും.

Tags:    
News Summary - Modi's mega road show in Bengaluru today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.