രാഹുലല്ല, മോദിയാണ് ഇന്ത്യയെ വിദേശത്ത് അപമാനിച്ചത് -കോൺഗ്രസ്

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഇന്ത്യയെ അപമാനിച്ചത് രാഹുൽ ഗാന്ധിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോൺഗ്രസ്. കാലിഫോർണിയയിലെ ബാർക്കെലീ യൂണിവേഴ്സിറ്റിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപണത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ.

വിമർശനങ്ങളോടുള്ള ബി.ജെ.പിയുടെ അസഹിഷ്ണുത നമ്മുടെ രാജ്യത്തിൻറെ നിലവിലെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളെക്കുറിച്ച് രാഹുൽഗാന്ധി അമേരിക്കയിൽ സംസാരിച്ചു. നെഹ്രുവിന്റെ ദർശനങ്ങളും ആധുനിക സംവിധാനങ്ങളും രാജ്യത്തിൻെറ വിദ്യാഭ്യാസ നേട്ടങ്ങളും ഇന്ത്യ ആണവോർജ്ജ ശക്തിയായതടക്കം അവിടെ പരാമർശിച്ചു. രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യക്ക് ബഹുമാനമാണ് നൽകിയത്. ഇന്ത്യയെ വിദേശത്ത് അപമാനിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അത് മോദിയാണ്. താൻ പ്രധാനമന്ത്രിയാകുന്നതിന് ഇന്ത്യ ദുഷിച്ചതാണെന്ന് തന്റെ ആദ്യവിദേശ പ്രസംഗത്തിൽ മോദി പറഞ്ഞില്ലേ? ഒരു രാജ്യം ഭിക്ഷപാത്രവുമായി നിൽക്കുകയാണെന്ന പ്രതീതിയല്ലേ മോദി സൃഷ്ടിച്ചതെന്നും ആനന്ദ് ശർമ്മ പറഞ്ഞു.

ബി.ജെ.പിക്കും മോദിക്കും രോഗാതുരമായ മനസ്സാണ് ഉള്ളതെന്ന് കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വിമർശിക്കപ്പെടുകയാണെങ്കിൽ പോലും അത് ജനാധിപത്യത്തിൽ സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അസഹിഷ്ണുതയും വർദ്ധിച്ചുവരുന്ന മതധ്രുവീകരണ രാഷ്ട്രീയത്തെയും കുറിച്ച് രാഹുൽ പറഞ്ഞ് തുടങ്ങിയിട്ടേയുള്ളുവെന്ന് ശർമ്മ വ്യക്തമാക്കി. 

ഓരോരുത്തരും ഒരു പ്രത്യേക രീതിയിൽ ചിന്തിക്കണമെന്നും തങ്ങളെ ചോദ്യംചെയ്യുന്നത് ഇല്ലാതാക്കാനും ഭരണകൂടം നിർബന്ധിക്കുകയാണ്. ഇന്നത്തെ ഇന്ത്യയുടെ യാഥാർത്ഥ്യമാണിത്. ലോകം അത് അറിഞ്ഞിരിക്കുന്നു.  ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ അതിനെക്കുറിച്ച് എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്. ഭീതിയും അസഹിഷ്ണുതയും നിറഞ്ഞ അന്തരീക്ഷം ഉണ്ടെങ്കിൽ ഇന്ത്യ എങ്ങനെയാണ് മുന്നോട്ടുപോകുക. ​​രാജ്യത്ത് ആരാണ് നിക്ഷേപം നടത്തുക- ശർമ്മ ചോദിച്ചു.

Tags:    
News Summary - Modi, n insulted India abroad many times', says Congress- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.