‘ട്രംപിന്റെ മികച്ച സുഹൃത്ത്’: മോദിയെ വാഴ്ത്തിയും പുകഴ്ത്തിയും യു.എസ് അംബാസഡർ; കൂടിക്കാഴ്ചയിൽ നിർണായക ധാതുക്കളെക്കുറിച്ച് ചർച്ച ചെയ്തെന്ന്

ന്യൂഡൽഹി: നരേന്ദ്ര മോദിയെ ട്രംപിന്റെ മികച്ച സുഹൃത്തെന്ന് വാഴ്ത്തി നിയുക്ത യു.എസ് അംബാസഡർ സെർജിയോ ഗോർ. ഡൽഹിയിൽ മോദിയും ഗോറുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ‘ട്രംപ് അദ്ദേഹത്തെ മികച്ച സുഹൃത്തായി കണക്കാക്കുന്നു’ എന്ന് പ്രസ്താവിച്ചത്. മോദിയുമായുള്ള കൂടിക്കാഴ്ചയെ ‘അവിശ്വസനീയം’ എന്നും ഗോർ ​വിശേഷിപ്പിച്ചു. നിർണായക ധാതുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായും പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്തുവെന്നും യു.എസ് അംബാസഡർ പറഞ്ഞു.

ഇന്ത്യയിലെ പ്രതിനിധിയായി ഗോറിനെ യു.എസ് സെനറ്റ് സ്ഥിരീകരിച്ചതിനുശേഷം ഇരുവരും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ആശയവിനിമയമാണിത്. വ്യാപാര സംഘർഷങ്ങൾ തുടരുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച. യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് മാനേജ്മെന്റ് ആൻഡ് റിസോഴ്‌സസ് മൈക്കൽ ജെ. റിഗാസിനൊപ്പമാണ് ഗോർ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിറങ്ങിയിരിക്കുന്നത്.

‘പ്രധാനമന്ത്രി മോദിയുമായി അവിശ്വസനീയമായ ഒരു കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. നിർണായക ധാതുക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു’-യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച സെർജിയോ ഗോർ പറഞ്ഞു.

മോദിയെ മികച്ചതും വ്യക്തിപരവുമായ സുഹൃത്തായിട്ടാണ് പ്രസിഡന്റ് ട്രംപ് കണക്കാക്കുന്നതെന്നും സംഭാഷണം വരും ആഴ്ചകളിലും മാസങ്ങളിലും തുടരുമെന്നും ഗോർ പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ട്രംപും മോദിയും ഒന്നിച്ചുള്ള ഛായാചിത്രവും  സമ്മാനിച്ചു. ‘മിസ്റ്റർ പ്രധാനമന്ത്രി, താങ്കൾ മികച്ചയാളാണെന്ന്’ അതിൽ കുറിച്ചിരുന്നു.

ഇന്ത്യയിലെ യു.എസിന്റെ നിയുക്ത അംബാസഡർ സെർജിയോ ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന്’ പ്രധാനമന്ത്രി മോദി ‘എക്‌സി’ൽ എഴുതി.

നേരത്തെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായും ഗോൾ ചർച്ചകൾ നടത്തിയിരുന്നു. ഗോറുമായുള്ള കൂടിക്കാഴ്ച ഉൽപ്പാദനക്ഷമമായിരുന്നു എന്ന് ജയ്ശങ്കർ വിശേഷിപ്പിച്ചു. ഇന്ത്യ-യു.എസ് ബന്ധത്തെക്കുറിച്ചും അതിന്റെ ആഗോള പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്തത്തിന് അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Modi is Trump's best friend; US Ambassador says critical minerals discussed in meeting with Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.