സിഡ്നിയിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി
സിഡ്നി: ഡിജിറ്റൽ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ടെലികോം, സെമികണ്ടക്ടറുകൾ തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസ്ട്രേലിയൻ വ്യാപാര സമൂഹത്തെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ സമാന മേഖലയിലെ ഇന്ത്യൻ വ്യാപാര രംഗങ്ങളിലെ സി.ഇ.ഒമാരുമായി ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ആസ്ട്രേലിയൻ കമ്പനികളുടെ സി.ഇ.ഒമാരുടെ വ്യാപാര വട്ടമേശ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിലെ ബിസിനസ് അനുകൂല സാഹചര്യം മോദി വിശദീകരിച്ചു. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് മോദി സിഡ്നിയിൽ എത്തിയത്. തുടർന്ന് ഇവിടത്തെ വിവിധ പരിപാടികളിൽ സംബന്ധിച്ചു. അതിനിടെ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായുള്ള ചർച്ചയിൽ, ആസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും ഖലിസ്താൻ അനുകൂല ഗ്രൂപ്പുകൾ സജീവമാകുന്നതിലും ഇന്ത്യക്കുള്ള ആശങ്ക മോദി പങ്കുവെച്ചു. വിദ്യാർഥികളുടെയും വ്യാപാരി സമൂഹത്തിന്റെയും സഞ്ചാരം സുഗമമാക്കാനും അനധികൃത കുടിയേറ്റം തടയാനുമുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പുനരുപയോഗ ഊർജം, ധാതു ഖനനം പോലുള്ള രംഗങ്ങളിലെ സഹകരണ സാധ്യത മോദിയുടെ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ചർച്ചയായി.
സിഡ്നി: ആസ്ട്രേലിയ ബംഗളൂരുവിൽ കോൺസുലേറ്റ് തുറക്കുന്നു. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം, ഇന്ത്യ ബ്രിസ്ബേനിൽ കോൺസുലേറ്റ് തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ആസ്ട്രേലിയൻ കോൺസുലേറ്റ് പ്രവർത്തിക്കുന്നുണ്ട്. ഈ മാസം തുറക്കുന്ന ബംഗളൂരുവിലെ പുതിയ ഓഫിസ് ആസ്ട്രേലിയൻ ബിസിനസ് മേഖലയെ ഇന്ത്യയുടെ വികസിച്ചുവരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കാൻ ഉപകരിക്കുമെന്ന് ആൽബനീസ് പറഞ്ഞു. പടിഞ്ഞാറൻ സിഡ്നിയിലെ പെരാമെറ്റയിൽ നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ‘സെന്റർ ഫോർ ആസ്ട്രേലിയ-ഇന്ത്യ റിലേഷൻസി’നും തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിൽ വ്യവസായ, വിദ്യാഭ്യാസ, സർക്കാർ മേഖലകളിലുള്ള ഇടപാടുകൾ ശക്തമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.