ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് എം.പി ജയറാം രമേശ്. പദ്ധതിക്കുള്ള വിഹിതം വർധിപ്പിക്കണമെന്നും പ്രവൃത്തിദിനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും കേന്ദ്ര ബജറ്റിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ദരിദ്രരായ കോടിക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി. 2015ൽ പാർലമെന്റിന്റെ വേദിയിൽ വച്ച് എം.ജി.എൻ.ആർ.ഇ.ജി.എയെ പരിഹസിച്ചതാണ് പ്രധാനമന്ത്രി മോദിയുടെ അശ്രദ്ധമായ മനോഭാവത്തിന്റെയും ഹ്രസ്വദൃഷ്ടിയുടെയും ആദ്യ സൂചനകളിൽ ഒന്ന് -രമേശ് പ്രസ്താവിച്ചു.
നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിനിടയിലും 2025 ജനുവരി വരെ ഈ പ്രോഗ്രാമിന് കീഴിൽ 9.31കോടി സജീവ തൊഴിലാളികൾ ജോലി ചെയ്യുന്നു. ഈ തൊഴിലാളികളിൽ 75 ശതമാനത്തോളം സ്ത്രീകളാണ്. ഈ യാഥാർത്ഥ്യം ഉണ്ടായിരുന്നിട്ടും അവരുടെ ദുരവസ്ഥയോട് സർക്കാർ നിസ്സംഗ നയം തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2024-25ൽ തൊഴിലുറപ്പു വിഹിതം 0.26 ശതമാനമായി കുറച്ചുവെന്നും ജി.ഡി.പിയുടെ 1.7ശതമാനം എങ്കിലും ഈ പ്രോഗ്രാമിലേക്ക് നീക്കിവെക്കണമെന്ന് ലോകബാങ്ക് ശിപാർശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം എഴുതി.
2019-20 നും 2023-24 നും ഇടയിൽ ഏകദേശം 4 കോടി തൊഴിൽ കാർഡുകൾ ഇല്ലാതാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 1.2 കോടി തൊഴിൽ കാർഡുകൾ മാത്രമാണ് ചേർത്തത്. ഒരു സംസ്ഥാനത്ത് നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 15ശതമാനം ഇല്ലാതാക്കലുകളും തെറ്റായിരുന്നു എന്നാണ്.
കഴിഞ്ഞ വർഷം ജനുവരി 1ന്, എല്ലാ വേതന വിതരണവും ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സിസ്റ്റം വഴിയായിരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. എന്നാൽ, 27 ശതമാനം തൊഴിലാളികൾ എ.പി.ബി.എസ് പ്രകാരം വേതനത്തിന് യോഗ്യരല്ല. അവരുടെ ജോലിയുടെ ആവശ്യം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന കാരണത്താൽ ജോലി ചെയ്തിട്ടും പലർക്കും കൂലി നഷ്ടപ്പെടുന്നു.
തൊഴിലാളികൾക്ക് ഹാജർ രേഖപ്പെടുത്താൻ നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം ആവശ്യമാണ്. എന്നിരുന്നാലും, ആപ്പിലെ തകരാറുകളും സ്‌മാർട്ട്‌ഫോണുകളിലേക്കുള്ള പരിമിതമായ ആക്‌സസും ക്രമരഹിതമായ കണക്‌റ്റിവിറ്റിയും കാരണം രജിസ്റ്റർ ചെയ്യാത്ത ഹാജർ, രേഖപ്പെടുത്താത്ത ജോലി, കാലതാമസം നേരിടുന്ന വേതനം എന്നിവ വ്യാപകമാണ്.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാജ്യത്തുടനീളമുള്ള തൊഴിലുറപ്പു പ്രവർത്തകർ ഈ പ്രശ്നങ്ങൾ ഉന്നയിച്ചു. എട്ടു മാസങ്ങൾക്ക് ശേഷവും ഇതേ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും അദ്ദേഹം എഴുതി. ദേശീയ മിനിമം വേതനമായി പ്രതിദിനം 400 രൂപ എന്ന ലക്ഷ്യത്തോടെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പു വേതന വർധന നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.