ന്യൂഡൽഹി: രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ മോദി സർക്കാർ പരിഭ്രാന്തിയിലാണെന്ന് കോൺഗ്രസ്. സ്വകാര്യ കോർപറേറ്റ് നിക്ഷേപം മന്ദീഭവിച്ചതാണ് യഥാർഥ പ്രശ്നമെന്നും അതിന്‍റെ സമ്മർദത്തിലാണ് സർക്കാറെന്നും പാർട്ടി നേതാവ് ജയ്റാം രമേശ് പറഞ്ഞു. ആദായനികുതി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ കേന്ദ്രം ആലോചിക്കുന്നുവെന്ന ചാനൽ റിപ്പോർട്ട് ഉദ്ധരിച്ചാണ് അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ വിമർശനം ഉന്നയിച്ചത്. സർക്കാർ സെക്യൂരിറ്റികളിൽ വിദേശ പോർട്ട്‍ഫോളിയോ നിക്ഷേപകർ നടത്തുന്ന നിക്ഷേപങ്ങളിലെ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി പൂർണമായും എടുത്തുകളയാനാണ് നീക്കമെന്നും ഈ നിരക്ക് 2024ലെ കേന്ദ്ര ബജറ്റിൽ നിശ്ചയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിക്ഷേപിക്കേണ്ടവരും അതിന് കഴിവുള്ളവരും മറ്റ് രാജ്യങ്ങളിൽ നിക്ഷേപിക്കുകയോ ഇവിടത്തെ നിക്ഷേപം മാറ്റിവെക്കുകയോ ചെയ്യുകയാണ്. കോർപറേറ്റ് വരുമാനത്തിന്‍റെ കാര്യത്തിൽ റെക്കോഡ് വർധന ഉണ്ടെങ്കിലും ജി.ഡി.പിയുടെ ശതമാനക്കണക്കിലുള്ള സ്വകാര്യ കോർപറേറ്റ് നിക്ഷേപത്തിന്‍റെ നിരക്ക് ഇടിയുകയാണ് ചെയ്യുന്നത്. തട്ടിക്കൂട്ട് ഓർഡിനൻസുകൾ കൊണ്ടുവന്നാൽ അത് തലക്കെട്ടുകൾ സൃഷ്‍ടിക്കുമെന്നല്ലാതെ നിരക്ക് ഇടിയുന്നതിന്‍റെ ഘടനാപരമായ കാരണങ്ങൾ പരിഹരിക്കാൻ കഴിയുന്ന ബദൽ മാർഗമാകില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
വേതനങ്ങളിലെ മുരടിപ്പ്, വരുമാനവും സമ്പത്തും തമ്മിലുള്ള കടുത്ത അസമത്വം, ഓരോ സെക്‌ടറിലുമുള്ള സാമ്പത്തികാധികാര കേന്ദ്രീകരണം, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് സൃഷ്‍ടിക്കുന്ന ഭീഷണിയുടെ അന്തരീക്ഷം എന്നിവയൊക്കെയാണ് ഘടനാപരമായ കാരണങ്ങളിൽ ഉൾപ്പെടുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി അനുവദിക്കുന്നത് ആഭ്യന്തര നിക്ഷേപ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.