ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ തിരിച്ചടി നൽകിയശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു നീക്കവും നേരിടാനുള്ള ബോധവത്കരണത്തിനായി ഇന്ത്യയിൽ വ്യാപകമായി മോക്ക്ഡ്രിൽ നടന്നു. ആളുകൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേരത്തേ നിർദേശം നൽകിയിരുന്നു. മോക്ക്ഡ്രില്ലിന് മുന്നോടിയായി ആളുകളോട് കെട്ടിടങ്ങളുടെ ബേസ്മെന്റിലേക്ക് മാറാനും നിർദേശം നൽകി. ഭീഷണികൾക്കെതിരെ കരുതിയിരിക്കാൻ തയാറാണോ എന്ന് പരിശോധിക്കാനായി ആഭ്യന്തരമന്ത്രാലയം തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യാസങ്ങൾ നടത്താനും നിർദേശിക്കുകയുണ്ടായി. രാജ്യത്തെ 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടന്നത്. യുദ്ധകാല സാഹചര്യമുണ്ടാവുകയാണെങ്കില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും പെരുമാറേണ്ടതെന്നതും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കുന്ന പരിപാടിയാണ് നടന്നത്.
ഡൽഹിയിലെ ഖാൻ മാർക്കറ്റിൽ അപകട സൂചന നൽകുന്ന സൈറണുകൾ മുഴങ്ങി. ആളുകളോട് പലായനം ചെയ്യാനുള്ള പരിശീലനത്തിന്റെ ഭാഗമായി ഓടാൻ ആവശ്യപ്പെട്ടു. ചാന്ദ്‌നി ചൗക്കിൽ സിവിൽ ഡിഫൻസ് വോളന്റിയർമാരുടെയും ഉദ്യോഗസ്ഥരുടെയും എൻ.സി.സി കേഡറ്റുകളുടെയും സാന്നിധ്യത്തിൽ മോക്ക് ഡ്രിൽ നടത്തി. ഡൽഹിയിലുടനീളമുള്ള നിരവധി സ്കൂളുകളിലും മോക്ക് ഡ്രില്ലുകൾ നടന്നു.
ഷോപ്പിങ് മാളുകള്‍, സിനിമ തീയേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കുകയും വിവിധ കേന്ദ്രങ്ങളില്‍ ലൈറ്റ് ഓഫ് ചെയ്യുകയും ചെയ്തു.
ഇന്ന് വൈകീട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30ഓടെ അവസാനിച്ചു. കേരളത്തില്‍ 14 ജില്ലകളിലും മോക്ക്ഡ്രില്‍ നടന്നു. കൊച്ചിയിൽ കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്പ് യാര്‍ഡ്, തമ്മനത്തെ ബി.സി.ജി ടവർ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് വികാസ് ഭവനിലും മോക്ഡ്രിൽ നടന്നു. കോഴിക്കോട് മോക്ഡ്രില്ലുമായി ബന്ധപ്പെട്ടുണ്ടായ സൈറണിൽ ആശയക്കുഴപ്പമുണ്ടായതിനെ തുടർന്ന് 4.28ഓടെയാണ് സൈറൺ മുഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.