ലഖ്നോ: ഉത്തർ പ്രദേശിലെ കക്രലയിൽ പ്രദേശവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാർ പൊലീസിനുനേരെ കല്ലേറുനടത്തി.
രാത്രി നടക്കുന്ന പതിവ് പരിശോധനക്കിടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പട്രോളിങ്ങിനിടെ പൊലീസ് തടഞ്ഞുവെച്ച് പരിശോധിച്ചത് ഇഷ്ടപ്പെടാതിരുന്ന പ്രദേശവാസി ആളുകളെയും കൂട്ടി വന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് ആരോപിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ കണ്ടെത്താൻ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു.
പതിവ് വാഹന പരിശോധനക്കായി വാഹനം തടഞ്ഞു നിർത്തിയത് ഇഷ്ടപ്പെടാത്തയാളുടെ പ്രതിഷേധം രൂക്ഷമായതോടെ സംഘർഷമുടലെടുക്കുകയായിരുന്നു. പൊലീസ് പരിശോധനക്കിരയായ പ്രദേശവാസി സ്ത്രീകൾ ഉൾപ്പെടയുള്ള വീട്ടുകാരെ വിളിച്ചുകൂട്ടിക്കൊണ്ടുവന്ന് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. സമരം അവസാനിപ്പിക്കാർ പൊലീസ് ആവശ്യപ്പെട്ടപ്പോൾ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞുവെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.
ജനക്കൂട്ടത്തെ ഒഴിവാക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഘർഷത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ചില വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. സംഘർഷത്തെ തുടർന്ന് പ്രദേശത്തു നിന്ന് നിരവധി ആളുകൾ രാത്രി തന്നെ വീടും പൂട്ടി ഒഴിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.