രാമക്ഷേത്ര പ്രതിഷ്ഠ: തത്സമയ സംപ്രേഷണം സ്റ്റാലിൻ സർക്കാർ നിരോധിച്ചുവെന്ന് നിർമല സീതാരാമൻ

ചെന്നൈ: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിന്റെ തത്സമയ സംപ്രേഷണം സ്റ്റാലിൻ സർക്കാർ നിരോധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ക്ഷേത്രങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നടത്താൻ പൊലീസ് അനുമതി നൽകുന്നില്ലെന്നും നിർമല സീതാരാമൻ ആരോപിച്ചു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ആളുകളെ സ്റ്റാലിൻ സർക്കാർ തടയുകയാണ്. തമിഴ്നാട്ടിൽ 200ഓളം രാമക്ഷേത്രങ്ങളുണ്ട്. എന്നാൽ, ഈ ക്ഷേത്രങ്ങളിൽ പൂജയോ പ്രസാദ വിതരണമോ അന്നദാനമോ നടത്താൻ അനുവദിക്കുന്നില്ല. ക്ഷേത്രങ്ങൾ സ്വകാര്യമായി പരിപാടികൾ സംഘടിപ്പിക്കുന്നതിനേയും തമിഴ്നാട് സർക്കാർ എതിർക്കുകയാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു. എക്സിലൂടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

അനൗദ്യോഗികമായി തമിഴ്നാട് സർക്കാർ പറയുന്നത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് തത്സമയം പ്രദർശിപ്പിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ്. എന്നാൽ, ബാബരി കേസിന്റെ വിധി വന്നപ്പോൾ തമിഴ്നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ല. പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും തമിഴ്നാട്ടിൽ പ്രശ്നമുണ്ടായില്ല. തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ ഹിന്ദുവിരുദ്ധമായി മാറിയെന്നും നിർമല സീതാരാമൻ ആരോപിച്ചു.

അതേസമയം, നിർമല സീതാരാമന്റെ പ്രസ്താവനക്കെതിരെ ഡി.എം.കെ മന്ത്രി പി.കെ.ശേഖർ ബാബു രംഗത്തെത്തി. നിർമല വ്യാജ പ്രചാരണം നടത്തുന്നതിനെ ശക്തമായി അപലപിക്കുകയാണ്. സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് കോൺ​ഫറൻസിൽ നിന്നും ശ്രദ്ധതിരിക്കുകയാണ് നിർമലയുടെ ലക്ഷ്യം. പ്രതിഷ്ഠാദിനത്തിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിനും പൂജകൾ നടത്തുന്നതിനും ഒരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഡി.എം.കെ മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പള്ളി പൊളിച്ച് രാമക്ഷേത്രം നിർമിക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്ന് പറഞ്ഞിരുന്നു. ഡി.എം.കെ അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ പ​ങ്കെടുക്കുന്നില്ല.

Tags:    
News Summary - MK Stalin government 'banned' Ayodhya Temple live telecast in Tamil Nadu: Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.