നിയമസഭയോ സിനിമാ സെറ്റോ? ഭരണത്തിൽ പഞ്ച് ഡയലോഗുകൾ മാത്രമാണ് വിജയ്‌യുടെ ലക്ഷ്യമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിലെ ഭരണനടപടിക്രമങ്ങളെയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ച് ഡി.എം.കെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. നിയമസഭയെ ഒരു സിനിമ സെറ്റ് പോലെയാണ് മുഖ്യമന്ത്രി കാണുന്നതെന്നും, സഭയിൽ ഗൗരവമേറിയ ചർച്ചകൾക്ക് പകരം സിനിമയിലെ ഡയലോഗുകൾ പോലെ ‘പഞ്ച് ഡയലോഗുകൾ’ മാത്രമാണ് അദ്ദേഹം പറയുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

ഡി.എം.കെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഡി.എം.കെ ഭരണകാലത്ത് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെയെല്ലാം പേരുകൾ മാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാലും തോറ്റാലും ജനങ്ങളുടെ നിത്യജീവിതവുമായി നിരന്തരം ബന്ധപ്പെട്ട് നിൽക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂണിൽ നിയമസഭയിൽ ഡി.എം.കെ അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തിയ വേളയിലും, സഭാ സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്റെ അനുമതിയോടെ സിനിമാ സ്റ്റൈലിൽ വിജയ് ആംഗ്യങ്ങൾ കാണിച്ചതും മുൻപ് വാർത്തകളിൽ ഇടംനേടിയിരുന്നു. സഭയിൽ വിജയ്‌യുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.

പാർട്ടിയുടെ തെരഞ്ഞെടുപ്പ് തോൽവിയെ ഭാവിയിലേക്കുള്ള കാര്യങ്ങൾ പുനഃപരിശോധിക്കാനും പദ്ധതികൾ തയാറാക്കാനുമുള്ള അവസരമായി കാണണമെന്ന് സ്റ്റാലിൻ എക്സിക്യൂട്ടീവ് യോഗത്തിൽ ഓർമിപ്പിച്ചു. പാർട്ടിയുടെ സംഘടനാ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡി.എം.കെ എം.എൽ.എമാർ സൗജന്യ കാറുകൾ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആദ്യ ദിവസം മുതൽ പറയുന്നതിനാൽ, ജനങ്ങളുടെ പണം ആഡംബരങ്ങൾക്കായി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ഡി.എം.കെ നേതൃത്വം കുറ്റപ്പെടുത്തി.

എല്ലാ എം.എൽ.എമാർക്കും കാറും വാഹന അലവൻസായി മാസം 75,000 രൂപ, എം.എൽ.എ ഓഫിസിൽ സഹായിയെ നിർത്താനായി മാസം 25,000 രൂപ എന്നിങ്ങനെ അലവൻസും കഴിഞ്ഞ ദിവസം വിജയ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ എം.എൽ.എമാർക്ക് മണ്ഡലത്തിലെത്തി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന വി.സി.കെ എം.എൽ.എ ജ്യോതിമണി ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്ന വിജയിയുടെ ഈ പ്രഖ്യാപനം. 

Tags:    
News Summary - Vijay treating Assembly like ‘cinema set, delivering punch dialogues’: Stalin attacks Tamil Nadu CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.