പട്ന: ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം നിരുപാധികമല്ലെന്നും, അത് പൊതുസമാധാനത്തിനും സാമൂഹിക മര്യാദകൾക്കും വിധേയമാണെന്നും പട്‌ന ഹൈകോടതി. ബീഹാറിലെ സിവാനിൽ ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തി വാർഷിക മതഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഹിന്ദു കലണ്ടർ പ്രകാരം ഭദ്രപദ കൃഷ്ണ പക്ഷത്തിലെ പതിനൊന്നാം ദിനം പ്രാദേശിക മഠം (അഖാഡ) സംഘടിപ്പിക്കുന്ന വാർഷിക ഘോഷയാത്രയിൽ കുറഞ്ഞത് 300 പേരെങ്കിലും പങ്കെടുക്കാൻ അനുവദിക്കണമെന്നും, പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കാൻ അനുമതി നൽകണമെന്നുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്.
2012-ൽ 200 പേർക്ക് അനുമതിയുണ്ടായിരുന്ന ഘോഷയാത്രയിൽ 2023 ആയപ്പോഴേക്കും അത് അഞ്ചായി ചുരുക്കിയെന്നും പരമ്പരാഗത പാതയിൽ മാറ്റം വരുത്തിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയന്ത്രണങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, പരമ്പരാഗത പാതയിൽ ഇതുവരെ സമാധാന ലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും ഹരജിക്കാരൻ വാദിച്ചു.
എന്നാൽ, ക്രമസമാധാനം നിലനിർത്തുന്നതിനായുള്ള സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അനുമതിയുള്ളത് അഞ്ചു പേർക്കാണെങ്കിലും 2015 നും 2022 നും ഇടയിൽ 1700 മുതൽ 2000 വരെ ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. 2024-ൽ നടന്ന ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടം ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസറുടെ സർക്കാർ വാഹനം കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്ത സംഭവവും സർക്കാർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ വിവേചനപരമല്ലെന്നും, പൊലീസിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സുരക്ഷാ നടപടി മാത്രമാണെന്നും സർക്കാർ വ്യക്തമാക്കി.
ആഗസ്റ്റ് 20ന് ജസ്റ്റിസ് അലോക് കുമാർ പുറപ്പെടുവിച്ച വിധിയിലാണ് മതസ്വാതന്ത്ര്യം സംബന്ധിച്ച സുപ്രധാന നിരീക്ഷണങ്ങളുള്ളത്. മതപരമായ ഘോഷയാത്രകൾ നടത്താനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ബി), ആർട്ടിക്കിൾ 25 എന്നിവ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ അവകാശം അനിയന്ത്രിതമല്ലെന്ന് കോടതി വ്യക്തമാക്കി.
"ആർട്ടിക്കിൾ 25, 26 എന്നിവ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ അത് ക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നീ വ്യവസ്ഥകൾക്ക് വിധേയമാണ്. സ്വന്തം മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം എത്രത്തോളം ആവശ്യമാണോ, അത്രതന്നെ പ്രധാനമാണ് ജനവാസ കേന്ദ്രങ്ങളിൽ സമാധാനം നിലനിർത്തുക എന്നതും," -കോടതി നിരീക്ഷിച്ചു.
മതസ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങളുമായും സാമൂഹിക മര്യാദകളുമായും ഒത്തുപോകേണ്ടതുണ്ടെന്ന സുപ്രീം കോടതിയുടെ മുൻകാല വിധികളും ഹൈകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ പരിരക്ഷ ഒരു മതാചാരത്തിന് അവിഭാജ്യവും അനിവാര്യവുമായ കാര്യങ്ങൾക്ക് മാത്രമേ ലഭിക്കൂവെന്നും, അത് നടപ്പിലാക്കുന്ന എല്ലാ രീതികൾക്കും ബാധകമല്ലെന്നും കോടതി പറഞ്ഞു.
ഭാവിയിലും പങ്കെടുക്കുന്നവരുടെ എണ്ണം അഞ്ചായി ചുരുക്കുമോ എന്ന ഹരജിക്കാരന്റെ ആശങ്ക പ്രകടിപ്പിച്ചു. അനുമതി തേടുന്ന സമയത്തെ പ്രാദേശിക ക്രമസമാധാന നില ആശ്രയിച്ചായിരിക്കും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നും, ഭാവിയിൽ നടന്നേക്കാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി ഇപ്പോൾ തീരുമാനമെടുക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.