ആദവ് അർജുന

'ലോക്‌സഭാ സീറ്റുകൾ 543 ആയി തുടരണം'; നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ നിലപാട് മാറ്റിയെന്ന പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രി ആദവ് അർജുന. ലോക്‌സഭാ സീറ്റുകളുടെ ആകെ എണ്ണം 543 ആയി തന്നെ നിലനിർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത സൗത്ത് സോണൽ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പരാമർശങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാതിനിധ്യം ഭാവിയിൽ നഷ്ടപ്പെടാതിരിക്കാൻ ഉറച്ച നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിൽ നിന്ന് സർക്കാർ ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ലെന്ന് ആദവ് അർജുന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ട 'ഫെയർ ഡിലിമിറ്റേഷൻ' എന്നത് തമിഴ്‌നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും അവകാശങ്ങളും പാർലമെന്ററി ശബ്ദവും ഹനിക്കപ്പെടാതിരിക്കാനുള്ള വിശാലമായ അർത്ഥത്തിലുള്ളതാണെന്നും മന്ത്രി വിശദീകരിച്ചു.

മണ്ഡല പുനർനിർണയ വിഷയത്തിൽ മുഖ്യമന്ത്രി വിജയ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും സഖ്യകക്ഷിയായ കോൺഗ്രസ് ഇതിൽ മൗനം പാലിക്കുകയാണെന്നും കാണിച്ച് ഡിഎംകെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ആശയക്കുഴപ്പങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിടാനാണ് മന്ത്രിയുടെ ഈ ഔദ്യോഗിക വിശദീകരണം. ഇതോടെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ടിവികെ സർക്കാരിന്റെ പ്രഖ്യാപിത നയം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുകയാണ്.

തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കിയതുപോലെ, ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തുന്നതിനൊപ്പം സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് അനുപാതവും നിലവിലെ 2.2:1 എന്ന ലോക്‌സഭാ-രാജ്യസഭാ അനുപാതവും തുടർന്നും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, മണ്ഡല പുനർനിർണയ പ്രക്രിയയുമായി ബന്ധിപ്പിക്കാതെ തന്നെ 33 ശതമാനം വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രിക്കു മുന്നിൽ സംസ്ഥാനത്തിന്റെ നിലപാട് ഒട്ടും നേർപ്പിക്കാതെ അവതരിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും, ഇത് ബിജെപിയോടുള്ള മൃദുസമീപനമായി വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ആദവ് അർജുന കുറ്റപ്പെടുത്തി. ജനസംഖ്യാ ആനുപാതികമായി പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലുള്ള പ്രാതിനിധ്യം ഗണ്യമായി കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, വരും ദിവസങ്ങളിലും കേന്ദ്ര സർക്കാരുമായുള്ള ചർച്ചകളിൽ ഈ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം.

Tags:    
News Summary - No Change in Tamil Nadu's Stand to Freeze LS Seats at 543, Clarifies Minister Aadhav Arjuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.