ജയ്പൂർ: രാജസ്ഥാനിൽ സി.ജെ.പി ക്യാമ്പെയിൻ നടന്നുകൊണ്ടിരിക്കെ സംസ്ഥാനത്തെ 611 സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളിലെ കടുത്ത പോരായ്മകൾ വെളിപ്പെടുത്തി സംസ്ഥാന സർക്കാർ. രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ സ്വന്തമായി കെട്ടിടം പോലുമില്ലാതെ സംസ്ഥാനത്ത് 611 സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. സമഗ്ര ശിക്ഷാ അഭിയാന്റെ 2025-26 വർഷത്തെ യു.ഡി.ഐ.എസ്.ഇ (UDISE) കണക്കുകൾ സർക്കാർ സഭയിൽ വെച്ചത്.
സംസ്ഥാനത്തുടനീളം സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ അതീവ പരിതാപകരമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സ്വന്തമായി കെട്ടിടമില്ലാത്ത 611 സ്കൂളുകളിൽ 10 എണ്ണം പെൺകുട്ടികളുടെ സ്കൂളുകളാണ്. തലസ്ഥാനമായ ജയ്പൂരിൽ മാത്രം ഇത്തരത്തിലുള്ള 38 സ്കൂളുകളുണ്ട്. ജലോവാർ ജില്ലയിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ കെട്ടിടമില്ലാതെ പ്രവർത്തിക്കുന്നത് (23 എണ്ണം). ഖാൻപൂരിൽ 16ഉം ജൽരാപട്ടണത്ത് 11ഉം സ്കൂളുകൾ ഇതേ അവസ്ഥയിലുണ്ട്. ഫലോഡിയിലെ ബാപ്, ബൻസ്വാരയിലെ ചോടിസാർവൻ എന്നിവിടങ്ങളിൽ യഥാക്രമം 11, 10 വീതം സ്കൂളുകൾക്കും സ്വന്തം കെട്ടിടമില്ല.
സ്വന്തം കെട്ടിടങ്ങളുള്ള 64,484 സർക്കാർ സ്കൂളുകളിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ്. ഇതിൽ 2,047 സ്കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല. ബസ്വാര ജില്ലയിലാണ് ശൗചാലയങ്ങളില്ലാത്ത സ്കൂളുകൾ ഏറ്റവും കൂടുതലുള്ളത് (188 എണ്ണം). ഇതിന് പിന്നിൽ ദുർഗാപൂർ (124), ഉദയ്പൂർ (98) എന്നീ ജില്ലകളുമുണ്ട്. സംസ്ഥാനത്ത് 1,049 സ്കൂളുകളിൽ കുടിവെള്ള ലഭ്യതയുമില്ല. ദൗസ ജില്ലയിലാണ് കുടിവെള്ള സൗകര്യമില്ലാത്ത ഏറ്റവും കൂടുതൽ സ്കൂളുകളുള്ളത് (96 എണ്ണം).
കഴിഞ്ഞദിവസം ജയ്പൂരിന് സമീപമുള്ള ബഗ്രുവിൽ ഒരു സർക്കാർ സ്കൂൾ ഗോശാലയിലാണ് പ്രവർത്തിക്കുന്നതെന്ന വാർത്ത വലിയ വിവാദമായിരുന്നു. പഴയ കെട്ടിടം സുരക്ഷിതമല്ലാത്തതിനെത്തുടർന്ന് കഴിഞ്ഞ വർഷം അത് അടച്ചുപൂട്ടുകയും, തുടർന്ന് കുട്ടികളെ താൽക്കാലികമായി ഗോശാലയിലേക്ക് മാറ്റുകയുമായിരുന്നു. ഈ വിഷയം പരിശോധിക്കാൻ പോയ കോക്രോച്ച് ജനതാ പാർട്ടി സംഘത്തിന് നേരെ ആക്രമണവുമുണ്ടായി. ഇതിന് പുറമെയാണ് ജലോവാറിലുണ്ടായ സ്കൂൾ അപകടത്തിന് ശേഷമുള്ള ഓഡിറ്റ് റിപ്പോർട്ട് സ്കൂളുകളുടെ ദയനീയ അവസ്ഥ പുറത്തുകൊണ്ടുവന്നത്.
സ്കൂളുകളുടെ ഈ ശോച്യാവസ്ഥക്ക് കാരണം മുൻ കോൺഗ്രസ് സർക്കാരാണെന്ന് ബി.ജെ.പി ആരോപിച്ചു. മുൻ അശോക് ഗെലോട്ട് സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയാണ് ഇതെന്നും, ആ 'പാപങ്ങൾ' പരിഹരിക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നതെന്നും ബി.ജെ.പി വ്യക്തമാക്കി.
സംസ്ഥാനത്ത് 3,768 സർക്കാർ സ്കൂളുകൾ പൂർണ്ണമായും അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, 83,783 ക്ലാസ് മുറികളും ഉപയോഗയോഗ്യമല്ലെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശോച്യാവസ്ഥ കാരണം പല സ്കൂളുകളും അടച്ചുപൂട്ടുകയോ മാറ്റുകയോ ചെയ്തത് വിദ്യാർഥികളുടെ പ്രവേശനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വിഷയത്തിൽ ഹൈകോടതി പോലും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ ഫണ്ടുകൾ പ്രഖ്യാപിച്ചു. സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 550 കോടി രൂപയും, കെട്ടിടങ്ങളില്ലാത്തതും തകർന്നുവീഴാറായതുമായ സ്കൂളുകൾക്കായി 450 കോടി രൂപയും വകയിരുത്തിയിരുത്തിയിട്ടുണ്ട്.
വിവിധ ഫണ്ടിങ് സ്രോതസ്സുകളിലൂടെ അഞ്ച് വർഷംകൊണ്ട് ആകെ 12,500 കോടി രൂപ (വർഷം തോറും 2,500 കോടി രൂപ വീതം) സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു. സ്കൂൾ കെട്ടിടങ്ങളും ശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നത് സർക്കാരിന്റെ പ്രഥമ മുൻഗണനയാണെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.