മനൻ കുമാർ മിശ്ര
ന്യൂഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കോ-ചെയർമാനും മുതിർന്ന അഭിഭാഷകനുമായ വൈ.ആർ. സദാശിവ റെഡ്ഡി രംഗത്ത്. ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്രയോട് ഉടൻ രാജി വെക്കാൻ അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിഭാഷക സമൂഹം നിലവിലുള്ളതിനേക്കാൾ മികച്ചൊരു നേതൃത്വത്തെ അർഹിക്കുന്നുണ്ടെന്ന് സദാശിവ റെഡ്ഡി കത്തിൽ ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 22-ന് മനൻ മിശ്രക്ക് അയച്ച ആറ് പേജുള്ള കത്തിലാണ് സദാശിവ റെഡ്ഡി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കൗൺസിലിന്റെ ഫണ്ടിൽ നിന്ന് 150 കോടി രൂപ ചെയർമാന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ ട്രസ്റ്റിലേക്ക് വകമാറ്റിയെന്നും, യാതൊരു സുതാര്യതയുമില്ലാതെ കുടുംബാംഗങ്ങളെ പ്രധാന പദവികളിൽ നിയമിച്ചെന്നും അദ്ദേഹം ആരോപിച്ചു. നാൽസാർ സർവകലാശാലയിലെ ബിരുദധാരികൾക്കെതിരെ പുറപ്പെടുവിച്ച വിവാദ ഉത്തരവും സദാശിവ റെഡ്ഡി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
15 ദിവസത്തിനുള്ളിൽ മനൻ മിശ്ര രാജി സമർപ്പിക്കണമെന്നാണ് സദാശിവ റെഡ്ഡിയുടെ ആവശ്യം. അഭിഭാഷക നിയമം, 1961 പ്രകാരം രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് ബി.സി.ഐ എന്നും, അത് ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലക്ഷക്കണക്കിന് അഭിഭാഷകർ നൽകുന്ന ഫണ്ട് വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല, മറിച്ച് അഭിഭാഷകരുടെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കൗൺസിൽ അതിന്റെ മുൻകാല മൂല്യങ്ങളിൽ നിന്നും അന്തസത്തയിൽ നിന്നും ഏറെ അകന്നുപോയിരിക്കുന്നു. അതിനാൽ, ചെയർമാൻ സ്ഥാനത്തുനിന്ന് താങ്കൾ ഉടനടി രാജിവെക്കണമെന്ന് ഞാൻ വ്യക്തമായ ഭാഷയിൽ ആവശ്യപ്പെടുന്നു," എന്ന് റെഡ്ഡി തന്റെ കത്തിൽ രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷമായി മിശ്രക്കൊപ്പം കൗൺസിലിൽ പ്രവർത്തിച്ചു വരികയായിരുന്നു റെഡ്ഡി.
ഇതിനുപുറമേ, കൗൺസിലിന്റെ അംഗീകാരത്തിനും പുതുക്കലിനുമായി സമീപിക്കുന്ന പ്രൈവറ്റ് ലോ കോളജുകളിൽ നിന്ന് 25 ലക്ഷം മുതൽ 1 കോടി രൂപ വരെ ഈ ട്രസ്റ്റിലേക്ക് 'സംഭാവന' നൽകാൻ സമ്മർദം ചെലുത്തുന്നതായും ആരോപണമുണ്ട്. അംഗീകാരം നൽകാനുള്ള ബി.സി.ഐയുടെ അധികാരം എന്നത് നിയമപരമായ മേൽനോട്ടത്തിനുള്ളതാണെന്നും ഫണ്ട് പിരിക്കാനുള്ള ലൈസൻസല്ലെന്നും കത്തിൽ എടുത്തുപറയുന്നു.
ബി.സി.ഐയിലെ ഭൂരിഭാഗം ജീവനക്കാരും മിശ്രയുടെ കുടുംബാംഗങ്ങളോ വ്യക്തിപരമായ ബന്ധമുള്ളവരോ ആണെന്നും, യാതൊരുവിധ അപേക്ഷയോ പ്രവേശന പരീക്ഷയോ മെറിറ്റ് ലിസ്റ്റോ ഇല്ലാതെയാണ് ഇവരെ നിയമിച്ചതെന്നും കത്തിൽ പറയുന്നുണ്ട്. 2012 മുതൽ തുടർച്ചയായി 14 വർഷമായി മിശ്ര ബി.സി.ഐ ചെയർമാൻ സ്ഥാനത്ത് തുടരുകയാണെന്നും, രണ്ട് വർഷ കാലാവധിയുള്ള ഒരു ജനാധിപത്യ പദവിയിൽ ഇത്രയും കാലം ഒരാൾ തുടരുന്നത് ആ തസ്തികയുടെ ജനാധിപത്യ സ്വഭാവം തന്നെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വിഷയങ്ങൾ ചർച്ച ചെയ്യാൻ ബി.സി.ഐയുടെ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും, സി.എ.ജി പാനലിലുള്ള ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ബി.സി.ഐയുടെയും പുതിയ ട്രസ്റ്റിന്റെയും അക്കൗണ്ടുകൾ പ്രത്യേക ഓഡിറ്റിന് വിധേയമാക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.