നൃപേന്ദ്ര മിശ്ര, ചമ്പത് റായ്
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും നിർമ്മാണകമ്പനിയുടെ തിരഞ്ഞെടുപ്പും നടത്തിയത് നിർമാണ സമിതി അധ്യക്ഷനും പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലാണെന്ന് വെളിപ്പെടുത്തി ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. ക്ഷേത്രത്തിലെ കാണിക്കപ്പണവുമായി ബന്ധപ്പെട്ട തിരിമറികൾ ഉയർന്നതിനെത്തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ്, ഒമ്പത് പേജുള്ള തുറന്ന കുറിപ്പിലൂടെ ചമ്പത് റായ് ട്രസ്റ്റിന്റെ ആഭ്യന്തര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ക്ഷേത്ര നിർമാണ സമിതിയിൽ തനിക്ക് താല്പര്യമുള്ള വ്യക്തികളെയാണ് നൃപേന്ദ്ര മിശ്ര ഉൾപ്പെടുത്തിയതെന്നും, പ്രധാന തീരുമാനങ്ങളെല്ലാം ഈ സമിതി ഒറ്റയ്ക്കാണ് എടുത്തതെന്നും കത്തിൽ പറയുന്നു. മുൻ എൻബിസിസി ചെയർമാൻ അനൂപ് മിത്തൽ ഉൾപ്പെടെയുള്ളവർ സാങ്കേതിക കാര്യങ്ങളിൽ മിശ്രയെ സഹായിക്കാനായി സമിതിയിൽ ഉണ്ടായിരുന്നു. സമിതിയുടെ അനുമതിയില്ലാതെ മറ്റ് ട്രസ്റ്റ് അംഗങ്ങൾ എടുത്ത തീരുമാനങ്ങളൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും, അത്തരത്തിൽ എന്തെങ്കിലും നടപടികൾ ഉണ്ടായാൽ അത് അസാധുവാക്കപ്പെട്ടിരുന്നുവെന്നും ചമ്പത് റായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്ര നിർമാണത്തിന്റെ പ്രധാന തീരുമാനമെടുക്കൽ അധികാരി താനാണെന്ന നിലപാടാണ് മിശ്ര എപ്പോഴും സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ട്രസ്റ്റിനുള്ളിൽ ആഭ്യന്തര ഭിന്നതകളുണ്ടെന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് നൃപേന്ദ്ര മിശ്ര പ്രതികരിച്ചു. ചമ്പത് റായിയുടേതായി പറയപ്പെടുന്ന ഒമ്പത് പേജുള്ള കത്ത് താൻ കണ്ടിട്ടില്ലെന്നും അത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര സമുച്ചയത്തിലെ ആകെ 70 നിർമാണ പദ്ധതികളിൽ 60 എണ്ണവും പൂർത്തിയായി ട്രസ്റ്റിന് കൈമാറിയതായും, മഴക്കാലത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മിശ്ര കൂട്ടിച്ചേർത്തു.
ഷേത്ര നിർമാണത്തിന്റെ പ്രധാന കരാറുകൾ ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റാ കൺസൾട്ടിംഗ് എൻജിനീയേഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് നൽകിയതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ നിർമാണ സമിതി അധ്യക്ഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ കേന്ദ്ര ഭരണകൂടവുമായി നേരിട്ട് ആശയവിനിമയം നടത്താനും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാനും നൃപേന്ദ്ര മിശ്രയ്ക്ക് സാധിച്ചിരുന്നു. എന്നാൽ, വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വവുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായ ഭരണശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന വികാരമാണ് ചമ്പത് റായിയുടെ കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, കോവിഡ് പ്രതിസന്ധികൾക്കിടയിലും റെക്കോർഡ് വേഗത്തിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത് മിശ്രയുടെ ചിട്ടയായ ഏകോപനം കൊണ്ടാണെന്ന് ചമ്പത് റായ് കത്തിൽ സമ്മതിക്കുന്നു. എന്നാൽ, ട്രസ്റ്റിലെ സംഭാവന തിരിമറിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടേണ്ടി വന്നതും ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നതുമാണ് വിഎച്ച്പി നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തൽ. രാമക്ഷേത്ര ട്രസ്റ്റിന്റെ ഭരണപരമായ അധികാരങ്ങൾ പ്രൊഫഷണൽ അഡ്മിനിസ്ട്രേറ്റർമാരിലേക്ക് മാറ്റാൻ കേന്ദ്രം ആലോചിക്കുന്നതിനിടെയാണ് ഭരണ-സംഘടനാ തർക്കങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.