മിസോറാം സ്പീക്കർ രാജിവെച്ച് ബി.ജെ.പിയിലേക്ക്
െഎസോൾ: മിസോറമിൽ സ്പീക്കർ ഹിഫൈ സ്ഥാനം രാജിവെച്ചശേഷം കോൺഗ്രസും വിട്ട് ബി.ജെ.പിയിൽ ചേർന്നു. തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മാത്രം ബാക്കിനിൽക്കെ സ്പീക്കറുടെ നടപടി ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടിയായി. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ തെൻറ പേര് ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് രാജി. ഡെപ്യൂട്ടി സ്പീക്കർ ആർ. ലൽറിനോംവക്ക് സമർപ്പിച്ച രാജിക്കത്ത് സ്വീകരിച്ചതായാണ് റിപ്പോർട്ട്. ശേഷം കോൺഗ്രസ് ഭവനിൽ എത്തി പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയായിരുന്നു. ഇതോടെ 40 അംഗ നിയമസഭയിൽ നിന്നും കഴിഞ്ഞ സെപ്റ്റംബർ മുതൽ പുറത്തേക്കുപോവുന്ന അഞ്ചാമത്തെ എം.എൽ.എയായി ഹിഫൈ. ഏഴു തവണ കോൺഗ്രസിെൻറ എം.എൽ.എയായിരുന്നു ഇൗ 81കാരൻ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏക വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറമിൽ ഇൗ മാസം 28നാണ് തെരഞ്ഞെടുപ്പ്.
അധികാരം നിലനിർത്തുന്നതിന് കോൺഗ്രസും പിടിച്ചെടുക്കുന്നതിന് ബി.ജെ.പിയും കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സ്പീക്കറുടെ ചുവടുമാറ്റം. മുതിർന്ന നേതാവായ ഹിഫൈയുടെ കാവിപ്പാർട്ടിയിലേക്കുള്ള വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി നേതാവും നോർത്ത് ഇൗസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനറുമായ ഹിമാന്ത ബിശ്വാസ് പ്രതികരിച്ചു. അതേസമയം, ഹിഫൈയെ പാർട്ടി സ്ഥാനാർഥിയായി ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ ബി.ജെ.പി നേതാവ് പ്രതികരിച്ചില്ല. ഹിഫൈയെ പാലക് മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുെന്നങ്കിലും ബി.ജെ.പിയിലേക്ക് പോകാനുള്ള നീക്കം അറിഞ്ഞതോടെ പാർട്ടി ജനറൽ സെക്രട്ടറി കെ.ടി. റോഹ്തകിന് ആ സീറ്റ് നൽകുകയായിരുന്നു. 2013ൽ പാലകിൽനിന്നാണ് ഹിഫൈ മത്സരിച്ചത്. 1972 മുതൽ 1989 വരെയുള്ള കാലയളവിൽ ത്യുപാങ് മണ്ഡലത്തിൽനിന്ന് ആറു തവണയാണ് അദ്ദേഹം വിജയം വരിച്ചത്. രണ്ടുതവണ രാജ്യസഭയിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.