ഈ കോവിഡ്​ വാർഡിന്‍റെ നിലം തുടയ്​ക്കുന്നത്​ ഒരു മന്ത്രിയാണ്​; മിസോറാമിലെ 'മിനിസ്റ്റർ ക്ലീൻ'

ഐസ്വാള്‍: ഒരു ആശുപത്രിയിലെ കോവിഡ്​ വാർഡിന്‍റെ നിലം തുടയ്​ക്കുന്ന രോഗിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോൾ. രോഗിയെ നെറ്റിസൺസ്​ അഭിനന്ദനങ്ങൾ കൊണ്ട്​ മൂടുകയുമാണ്​. ഇതിൽ ഇത്രക്ക്​ അഭിനന്ദിക്കാൻ എന്തിരിക്കുന്നുവെന്ന് ചിന്തിക്കാൻ വര​ട്ടെ. ആ നിലം തുടയ്​ക്കുന്ന രോഗി ഒരു സംസ്​ഥാനത്തിന്‍റെ മന്ത്രിയാണ്​. മിസോറാമിലെ വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി ആര്‍. ലാല്‍സിര്‍ലിയാനയാണ്​ താൻ ചികിത്സയിൽ കഴിയുന്ന കോവിഡ്​വാർഡ്​ വൃത്തിയാക്കി കയ്യടി നേടിയത്​.

സോറം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്​ മന്ത്രി ചികിത്സയിൽ ക​ഴിയുന്നത്​. മന്ത്രിയും ഭാര്യയും മകനും ഹോം ഐസൊലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ, ഈമാസം 12ന്​ ഓക്​സിജൻ ലെവൽ താഴ്​ന്നതിനെ തുടർന്ന്​ 71കാരനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. വെള്ളിയാഴ്ച അദ്ദേഹം വാർഡിന്‍റെ നിലം തുടയ്​ക്കുന്നതിന്‍റെ ഫോ​ട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. മന്ത്രി വാര്‍ഡ് വൃത്തിയാക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടആശുപത്രി ജീവനക്കാരിലൊരാളാണ്​ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാൽ, ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ അപമാനിക്കുകയായിരുന്നില്ല തന്‍റെ ഉദ്ദേശമെന്നും മന്ത്രി വ്യക്​തമാക്കി. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വാര്‍ഡ് വൃത്തിഹീനമായി കിടക്കുന്നത് കണ്ട് തൂപ്പുകാരനെ വിളിച്ചെങ്കിലും ആരും എത്തിയില്ല. തുടര്‍ന്നാണ് വാര്‍ഡ് വൃത്തിയാക്കാന്‍ താൻ നേരിട്ട് രംഗത്തിറങ്ങിയതെന്ന്​ അദ്ദേഹം പറഞ്ഞു.

'തൂത്തുവാരുന്നതും നിലം തുടയ്​ക്കുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും ഒന്നും എനിക്ക്​ പുതുമയുള്ള കാര്യമല്ല. സമയമുള്ളപ്പോള്‍ വീട്ടിൽ ഞാൻ ഇത്തരം ജോലികള്‍ ചെയ്യാറുണ്ട്. മറ്റിടങ്ങളിൽ ആണെങ്കിലും ചെയ്യേണ്ടി വന്നാല്‍ ഞാനത്​ ചെയ്യും. മന്ത്രിയായതുകൊണ്ട് മാത്രം ഞാന്‍ മറ്റുള്ളവരില്‍ നിന്ന് ഉയര്‍ന്നവനാണെന്ന് കരുതുന്നില്ല. ഒരു ഉദാഹരണം കാട്ടി മറ്റുള്ളവർക്ക്​ ഒരു സന്ദേശം നൽകാനാണ്​ ഞാൻ ശ്രമിച്ചത്​'- ലാല്‍സിര്‍ലിയാന പറഞ്ഞു. ആശുപത്രിയില്‍ മന്ത്രിയെന്ന നിലയിൽ തനിക്ക് വി.ഐ.പി. പരിഗണന ആവശ്യമില്ലെന്നും മിസോ നാഷണൽ ഫ്രണ്ട്​ നേതാവായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.ഐ.പി സംസ്‌കാരത്തോട് നോ പറഞ്ഞുകൊണ്ട് കോവിഡ് കാലത്ത് സ്വന്തം പദവി പോലും പോലും നോക്കാതെ ജോലി ചെയ്​ത മന്ത്രിയെ ഇപ്പോൾ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. മന്ത്രിയുടെ ഫോട്ടോക്കും വാക്കുകള്‍ക്കും വലിയ അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. യഥാര്‍ഥ പൊതുപ്രവര്‍ത്തകന്‍ എന്ന്​ ചിലര്‍ വിശേഷിപ്പിച്ചപ്പോൾ മറ്റ് നേതാക്കള്‍ ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. 

Tags:    
News Summary - Mizoram minister mops hospital floors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.