ഒഡീഷ: കെഞ്ചാർ ജില്ലയിൽ കാണാതായ 21 കാരിയായ യുവതിയുടെ മൃതദേഹം കൊലപാതകം നടന്ന് 26 ദിവസത്തിന് ശേഷം പൊലീസ് കണ്ടെത്തി. യുവതിയുടെ കാമുകനായ സഹജ അൽദ (26) യാണ് കൊലപാതകം നടത്തിയതെന്ന് അയാൾ സമ്മതിക്കുകയായിരുന്നു. ശേഷം ഇയാൾ നൽകിയ വിവരമനുസരിച്ച് വനപ്രദേശത്തെ കുഴിയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മെയ് 11-നാണ് യുവതി വീട്ടിൽ നിന്ന് പുറത്തുപോയത്. കൂടെ മൊബൈൽ ഫോൺ കരുതിയിരുന്നില്ല. തുടർന്ന് യുവതിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അവസാനമായി വന്ന കോൾ സഹജ അൽദയുടേതാണെന്ന് കണ്ടെത്തി. എന്നാൽ ആദ്യം ഇയാൾ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. യുവതിയുടെ കുടുംബം പൊലീസ് സൂപ്രണ്ടിനെ സമീപിച്ച് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ കർശനമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പ്രതി പറഞ്ഞതനുസരിച്ച് പൊലീസ് വനത്തിനുള്ളിലെ ഒരു കുഴിയിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയെ വീടിനടുത്തുള്ള ഫുട്ബോൾ മൈതാനത്തിന് സമീപം വെച്ച് കഴുത്തിൽ ആവർത്തിച്ച് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. ശേഷം, മൃതദേഹം പ്രതിയുടെ മോട്ടോർ സൈക്കിളിൽ വനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. പ്രതിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ അണക്കെട്ടിന് സമീപം ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ മാല, ചെരുപ്പുകൾ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്നിവയും പ്രതിയുടെ മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അശോക് നായക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.