അവസരം കിട്ടുമ്പോഴെല്ലാം ബ്രിജ് ഭൂഷൺ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു; ഡൽഹി പൊലീസ് കോടതിയിൽ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്പോഴെല്ലാം ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി ഡല്‍ഹി പൊലീസ് കോടതിയില്‍. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ വിചാരണ വേളയിലാണ് പൊലീസ് ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഡൽഹിയിലെ റൂസ് അവന്യൂ കോടതി വിചാരണക്ക് ഭൂഷൺ നേരിട്ട് ഹാജരാകുന്നതിന് ഇളവ് നൽകിയിരുന്നു. താന്‍ ചെയ്യുന്നത് എന്താണെന്ന് ബ്രിജ് ഭൂഷണ് കൃത്യമായ ധാരണയുണ്ടായിരുന്നെന്നും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു.

രേഖാമൂലം നല്‍കിയ പരാതിയും സാക്ഷിമൊഴികളുമുള്‍പ്പടെയുള്ളവയാണിത്. താജിക്കിസ്ഥാനിലെ ഒരു പരിപാടിക്കിടെ ഭൂഷൺ പരാതിക്കാരിയായ ഒരു ഗുസ്തി താരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചു. ഗുസ്തി താരം പ്രതിഷേധിച്ചപ്പോൾ ഒരു പിതാവിനെപ്പോലെയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു ബ്രിജ് ഭൂഷൺ നൽകിയ മറുപടി. തന്റെ ചെയ്തികളെ കുറിച്ച് അയാൾക്ക് പൂർണ ബോധ്യമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. താജിക്കിസ്ഥാനിൽ നടന്ന ഏഷ്യൽ ചാമ്പ്യൻഷിപ്പിൽ ഭൂഷൺ സമ്മതമില്ലാതെ തന്‍റെ വസ്ത്രം ഉയർത്തി വയറ്റിൽ പിടിച്ചതായി മറ്റൊരു ഗുസ്തി താരവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ഭൂഷണെതിരെ കുറ്റപത്രത്തിലുള്ളത്.

Tags:    
News Summary - 'Missed No Opportunity': Cops' Charges Against Ex Wrestling Body Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.