ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ പൗരന്മാർക്ക് പരാതിപ്പെടാൻ സംവിധാനം ഒരുക്കണമെന്ന് സുപ്രീം കോടതി. പതഞ്ജലിയും യോഗ ഗുരു രാംദേവും കോവിഡ് വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) 2022ൽ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്, 1954ലെ ഡ്രഗ് ആൻഡ് മാജിക് റെമഡീസ് നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കുകയും ഇതിലെ വ്യവസ്ഥകൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഹരജി മാർച്ച് ഏഴിന് തുടർ വാദം കേൾക്കും.
ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്ന 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെ 170ാം ചട്ടം നീക്കം ചെയ്ത ആയുഷ് മന്ത്രാലയത്തിന്റെ വിജ്ഞാപനം സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. വാദത്തിനിടെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് 25 കേസുകളിൽ നടപടിയെടുക്കാത്തതിന് കർണാടക സർക്കാറിനെ വിമർശിച്ച കോടതി ഒരു മാസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തോട് നിർദേശിച്ചു.
ഇത്തരം മരുന്നുകൾ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് ഡൽഹി, ആന്ധ്രപ്രദേശ്, ജമ്മു-കശ്മീർ ചീഫ് സെക്രട്ടറിമാരെ കോടതി വിളിച്ചുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.