മന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി

8 വർഷം: ഒറ്റ മുസ്‍ലിം എം.പിയില്ലാത്ത 'പെരുമ'യിലേക്ക് ബി.ജെ.പി

ന്യൂഡൽഹി: മോദി സർക്കാർ എട്ടാം വാർഷികം പിന്നിട്ടപ്പോൾ മന്ത്രിസഭയിലോ ലോക്സഭയിലോ രാജ്യസഭയിലോ ഒറ്റ മുസ്‍ലിം പോലുമില്ലാത്ത 'പെരുമ'യിലേക്ക് ബി.ജെ.പി. ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വിക്ക് രാജ്യസഭ സീറ്റില്ല. രാജ്യസഭയിൽ ബി.ജെ.പിക്കുള്ള മറ്റു രണ്ടു മുസ്‍ലിം മുഖങ്ങൾ എം.ജെ. അക്ബർ, സയ്യിദ് സഫർ ഇസ്‍ലാം എന്നിവരാണ്. ഇവരുടെ രാജ്യസഭ കാലാവധി ജൂൺ 29നും ജൂലൈ നാലിനുമായി അവസാനിക്കും.

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തെ മൊത്തമായി പരിശോധിച്ചാൽ ലോക്സഭയിൽ ഒറ്റ മുസ്‍ലിം അംഗം മാത്രം. ബിഹാറിലെ ഖഗഡിയയിൽനിന്ന് ജയിച്ച ലോക്ജനശക്തി പാർട്ടിയുടെ മെഹ്ബൂബ് അലി കൈസറാണത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിർത്തിയ ആറു മുസ്‍ലിം സ്ഥാനാർഥികളും തോറ്റുപോയി.

ഇന്ത്യയിലെ ജനസംഖ്യയിൽ ശരാശരി 21 കോടി (15.5 ശതമാനം) മുസ്‍ലിംകളുണ്ട്. ലോക മുസ്‍ലിം ജനസംഖ്യയിൽ 11 ശതമാനത്തോളം ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ. രാജ്യത്തെ പ്രധാന ന്യൂനപക്ഷ സമുദായത്തിൽ നിന്നൊരാളും ബി.ജെ.പി പ്രതിനിധിയായി മന്ത്രിസഭയിലോ പാർലമെന്റിലോ ഇല്ലാതെ വരുന്നത് ആഭ്യന്തരമായി ബി.ജെ.പിക്ക് വിഷയമല്ലെങ്കിൽക്കൂടി, അന്താരാഷ്ട്രതലത്തിൽ പ്രതിഛായ കൂടുതൽ മോശമാക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ മുഖ്താർ അബ്ബാസ് നഖ്‍വിയെയോ പുതുമുഖ സ്ഥാനാർഥിയെയോ ബി.ജെ.പി പാർലമെന്റിൽ എത്തിക്കാനാണ് സാധ്യത.

ഝാർഖണ്ഡിൽ നിന്നാണ് നഖ്‍വിയെ രാജ്യസഭയിൽ എത്തിച്ചത്. അവിടെ വീണ്ടും സീറ്റ് നൽകിയില്ല. ബി.ജെ.പിക്ക് എട്ടു പേരെ രാജ്യസഭയിലേക്ക് അയക്കാൻ കഴിയുന്ന യു.പിയിൽ രണ്ടു തവണയായി പ്രഖ്യാപിച്ച ആറു പേരുടെ സ്ഥാനാർഥി പട്ടികയിലും നഖ്‍വി ഇല്ല. ബാക്കി രണ്ടു സീറ്റ് ജൂൺ 10ലെ വോട്ടെടുപ്പിൽ ഉൾപ്പെടുന്നില്ല. യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച സമാജ്‍വാദി പാർട്ടി നേതാവ് അസ്സംഖാൻ രാജിവെച്ച റാംപുർ ലോക്സഭ മണ്ഡലത്തിലേക്ക് വൈകാതെ ഉപതെരഞ്ഞെടുപ്പു നടക്കും. നഖ്‍വിയെ ഇവിടെ നിർത്തി ലോക്സഭയിൽ എത്തിച്ചേക്കാം. എന്നാൽ, ഊഹാപോഹത്തിനപ്പുറം ഇതിന് സ്ഥിരീകരണമില്ല.

Tags:    
News Summary - Minister Naqvi has no Rajya Sabha seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.