ലക്നോ: ഉത്തർപ്രദേശ് മന്ത്രി സ്വാതി സിങ് ബിയർ പാർലർ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടി. സ്വാതി സിങ് ബിയർ ബാർ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ ഇന്നലെ മുതലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സംസ്ഥാനത്തെ വനിതാ ശിശു ക്ഷേമ മന്ത്രിയാണ് സ്വാതി സിങ്. ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്‍റെ യഥാർഥ മുഖം ഇതാണോ എന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന സംശയം.
മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ബിയർ പാർലർ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാരിന്‍റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു. മന്ത്രി ചില സീനിയർ ഉദ്യോഗസ്ഥർക്കൊപ്പം റിബൺ മുറിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മെയ് 20നാണ് സംഭവം നടന്നതെന്നാണ് സൂചന.
ബഹുജൻ പാർട്ടി നേതാവ് മായാവതിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ദയാശങ്കർ സിങ്ങിന്‍റെ ഭാര്യയാണ് സ്വാതി സിങ്. മദ്യനിരോധനം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്ത്രീകൾ പ്രക്ഷോഭം നടത്തുന്ന സമയത്താണ് ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
സംഭവം ബി.ജെ.പിയുടെ ഇരട്ടമുഖമാണ് തെളിയിക്കുന്നതെന്ന് സമാജ് വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ബി.ജെ.പി മദ്യനിരോധനത്തിന് വേണ്ടി വാദിക്കുന്ന സമയത്താണ് മന്ത്രിമാർ ബിയർ ഷോപ്പുകൾ ഉദ്ഘാടനം ചെയ്യുന്നത്. സ്ത്രീകളുടെ സംരഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തതെന്നാണ് ബി.ജെ.പിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.