ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ടീമിലെ അരുണാചൽപ്രദേശിൽ നിന്നുള്ള മൂന്നു വനിത വുഷു താരങ്ങൾക്ക് വിസക്ക് തുല്യമായ അക്രഡിറ്റേഷൻ വിലക്കിയ ചൈനയുടെ നടപടി മറ്റൊരു നയതന്ത്ര ഏറ്റുമുട്ടലിന് വഴിമരുന്നിടുന്നു. ശനിയാഴ്ച ചൈനയിലെ ഹാങ്ചോയിൽ തുടങ്ങുന്ന ഗെയിംസിനായി ഔദ്യോഗിക സന്ദർശനം നടത്താനിരുന്ന കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ പ്രതിഷേധസൂചകമായി യാത്ര റദ്ദാക്കി. അരുണാചൽപ്രദേശിൽ ഇന്ത്യയുടെ പരമാധികാരം ചൈന അംഗീകരിക്കാത്തതാണ് അക്രഡിറ്റേഷൻ നിഷേധിക്കാൻ കാരണം.
വിഷയത്തിൽ ശക്തമായി പ്രതികരിച്ച ഇന്ത്യ, അരുണാചൽപ്രദേശ് രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ‘സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കാൻ’ ഇന്ത്യക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചൽപ്രദേശിൽ നിന്നുള്ള ചില ഇന്ത്യൻ കായിക താരങ്ങളോട് ചൈനീസ് അധികാരികൾ വിവേചനം കാണിച്ചു. താമസ സ്ഥലത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്മാരെ വ്യത്യസ്ത രീതിയിൽ പരിഗണിക്കുന്നത് നിരാകരിക്കുകയാണ്. ബോധപൂർവമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമറിയിച്ചതായി ബാഗ്ചി പറഞ്ഞു.
എൻയെമാൻ വാങ്സു, ഒനിലു തെഗ, മെപുങ് ലാംഗു എന്നീ വനിത താരങ്ങൾക്കാണ് അക്രഡിറ്റേഷൻ നിഷേധിച്ചത്. കായിക മത്സരങ്ങൾക്ക് അക്രഡിറ്റേഷനാണ് വിസയായി കണക്കാക്കുന്നത്. ഇവർക്ക് അക്രഡിറ്റേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല. നിലവിൽ ഡൽഹിയിലെ സായ് ഹോസ്റ്റലിലാണ് ഈ താരങ്ങളുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴു വുഷു താരങ്ങൾ ഹോങ്കോങ് വഴി ചൈനയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ചൈനയിലെ ചെങ്ദുവിൽ നടന്ന ലോക യൂനിവേഴ്സിറ്റി മീറ്റിലും ഈ താരങ്ങൾക്ക് പ്രതിസന്ധിയുണ്ടായിരുന്നു. അരുണാചലിനു മേൽ ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കുന്നില്ലെന്ന സൂചന നൽകി സ്റ്റാപ്ൾഡ് വിസയായിരുന്നു അന്ന് അനുവദിച്ചത്. തുടർന്ന് എട്ടംഗ വുഷു സംഘം മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു.
അതേസമയം, മൂന്നു വുഷു താരങ്ങൾക്കും വിസ അനുവദിച്ചിരുന്നുവെന്നും താരങ്ങൾ സ്വീകരിക്കാതിരിക്കുകയാണുണ്ടായതെന്നുമാണ് ഏഷ്യൻ ഗെയിംസിന് ചുക്കാൻ പിടിക്കുന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) വൈസ് പ്രസിഡന്റ് വീ ജീഷോങ് പറഞ്ഞത്. വിഷയം ചർച്ച ചെയ്തെന്നും സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയെന്നും ഒ.സി.എ ആക്ടിങ് പ്രസിഡന്റ് രൺധീർ സിങ് പറഞ്ഞു. അരുണാചൽപ്രദേശ്, അക്സായ് ചിൻ മേഖല, തായ്വാൻ, തർക്കമുള്ള ദക്ഷിണ ചൈന കടൽ എന്നിവക്കുമേൽ അവകാശവാദമുന്നയിച്ച് ചൈന കഴിഞ്ഞ മാസം പുതിയ ഭൂപടം പുറത്തിറക്കിയിരുന്നു. ഈ നടപടിയെ ഇന്ത്യ അതിശക്തമായി അപലപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.