ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാന ഗതാഗത നിയന്ത്രണം തുടരുന്നു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറോളം അന്താരാഷ്ട്ര സർവിസുകൾ ശനിയാഴ്ച റദ്ദാക്കി. യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് മേഖലയിലെ പല രാജ്യങ്ങളും വ്യോമപാത അടച്ചതാണ് സർവിസുകൾ മുടങ്ങാൻ കാരണം.
മുംബൈ വിമാനത്താവളത്തിൽനിന്ന് 35 പുറപ്പെടലുകളും 36 വരവുകളും റദ്ദാക്കിയപ്പോൾ, ഡൽഹിയിൽ നിന്ന് 22 പുറപ്പെടലുകളും 17 വരവുകളുമാണ് തടസ്സപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകാനും സമയക്രമത്തിൽ മാറ്റം വരാനും സാധ്യതയുണ്ടെന്ന് ഡൽഹി വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ സുരക്ഷിതമാണെന്ന് വിലയിരുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും സർവിസുകൾ തുടരുകയാണ്. അബൂദബി, ദുബൈ, മസ്‌കത്ത്, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനായി മാർച്ച് എട്ടിന് അധിക സർവിസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യയിലെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കും യൂറോപ്പിലേക്കും സർവിസ് തുടരുമെന്ന് ഇൻഡിഗോയും അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം മൂലം നിരവധി വിമാനക്കമ്പനികൾ സർവിസുകൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. വ്യോമപാതകൾ അടച്ചതോടെ പല വിമാനങ്ങളും വഴിതിരിച്ചുവിടേണ്ടി വരുന്നതും യാത്രക്കാർക്ക് വലിയ ദുരിതമായി മാറിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷിതമായ റൂട്ടുകൾ വഴി സർവിസ് നടത്താൻ ശ്രമിക്കുമെന്നും വിമാനക്കമ്പനികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.