ആർത്തവാരോഗ്യം ഭരണഘടനാപരമായ അവകാശം;സുപ്രീംകോടതിയുടെ ചരിത്രവിധി

ന്യൂഡൽഹി: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആർത്തവാരോഗ്യത്തിൽ ചരിത്ര പ്രാധാന്യമുളള വിധിയുമായി സുപ്രീം കോടതി. ആർത്തവശുചിത്വം ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം 'ജീവിക്കാനുളള അവകാശത്തിന്‍റെയും സ്വകാര്യതക്കുളള അവകാശത്തിന്‍റെയും അവിഭാജ്യ ഘടകമാണെന്ന്' സുപ്രീം കോടതി വ്യക്തമാക്കി.  പെൺകുട്ടികൾക്കും സ്ത്രീകൾക്കും അന്തസ്,ആരോഗ്യം,തുല്യത എന്നിവ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്കൂളുകൾക്കും സുപ്രീംകോടതി നിരവധി  നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

ആർത്തവവുമായി ബന്ധപ്പെട്ട ശുചിത്വ സൗകര്യങ്ങളുടെ അഭാവം പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റുകയും അവരുടെ മാനവമര്യാദയെ ഹനിക്കുകയും ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ.ബി.പർദ്ദിവാല,ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഡോ. ജയാ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി. സ്കൂളുകളിൽ ആർത്തവ സൗകര്യങ്ങളുടെ അഭാവം മൂലം നിരവധി പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാകുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആർത്തവകാലത്ത് ആവശ്യമായ ശുചിത്വ സൗകര്യങ്ങൾ ലഭിക്കുന്നത് സ്ത്രീകളുടെ മാനത്തിന്റെയും ആരോഗ്യത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് കോടതി പറഞ്ഞു.ഇത് വെറും സർക്കാർ ക്ഷേമപദ്ധതിയല്ല മറിച്ച് ഭരണഘടനാപരമായ അവകാശം ആണെന്ന് കോടതി വ്യക്തമാക്കി. 

പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിനുകൾ സ്കൂളുകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിൽ വിതരണം ,സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം,ശുചിത്വമുള്ള പ്രത്യേക ശൗചാലയങ്ങൾ,ഭിന്നശേഷിക്കാരായ വിദ്യാർത്ഥിനികൾക്ക് വീൽചെയർ സൗഹൃദ ശൗചാലയങ്ങൾ ,സാനിറ്ററി മാലിന്യ സംസ്കരണം ,ആർത്തവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം എന്നിവ പ്രധാന നിർദേശങ്ങളാണ്.

കോടതി ഉത്തരവ് സർക്കാർ സ്കൂളുകൾക്ക് മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർശനമായി ബാധകമാണ്. നിർദേശങ്ങൾ പാലിക്കാത്ത സ്വകാര്യ സ്കൂളുകൾക്ക് അംഗീകാരം റദ്ദാക്കാനുളള നടപടികൾ സംസ്ഥാന തലത്തിൽ സ്വീകരിക്കാമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Menstrual health is a constitutional right; Supreme Court's historic verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.