ഡോണാൾഡ് ട്രംപ്
ന്യൂഡൽഹി: മരുന്നിന് ഇറക്കുമതി തീരുവ 100 ശതമാനമാക്കാനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യയിൽ നിന്നുള്ള ജനറിക് മരുന്നുകളുടെ കയറ്റുമതിയെ കാര്യമായി ബാധിക്കില്ലെന്ന് ‘ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ’ ചെയർമാൻ നമിത് ജോഷി പറഞ്ഞു. ബ്രാന്റഡ് അല്ലെങ്കിൽ പാറ്റന്റുള്ള മരുന്നുകൾക്കാണ് നികുതി. ഇന്ത്യയിൽ നിന്നുള്ള കാര്യമായ മരുന്നുകയറ്റുമതി ജനറിക് ഇനത്തിലുള്ളതാണെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഒന്നു മുതൽ ഇറക്കുമതിയിൽ നടപ്പാക്കുന്ന പുതിയ നികുതി പ്രഖ്യാപനമാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്. മരുന്നുകൾക്ക് 100 ശതമാനവും അടുക്കള കാബിനറ്റുകൾക്കും ബാത്ത്റൂം അലങ്കാര വസ്തുക്കൾക്കും 50 ശതമാനവും അപ്ഹോൾസ്റ്ററി ചെയ്ത ഫർണിച്ചറിന് 30 ശതമാനും ഹെവി ട്രക്കുകൾക്ക് 25 ശതമാനവുമായിരിക്കും നികുതി.
നികുതി നടപ്പാക്കൽ അവസാനിപ്പിച്ചിട്ടില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടിയാണിത്. ബജറ്റ് കമ്മി കുറക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും ഈ നയം ഉപകരിക്കുമെന്ന് ട്രംപ് കരുതുന്നു. ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് അടുക്കള കാബിനറ്റിനും സോഫക്കുമെല്ലാം ഇറക്കുമതിയിൽ നികുതി ഏർപ്പെടുത്തുന്നതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ പറഞ്ഞു.
നികുതി വർധിപ്പിക്കുമെന്ന ഭീഷണി നേരത്തെ മരുന്നുകമ്പനികൾക്കുനേരെ ട്രംപ് ഉയർത്തിയിരുന്നു. അതിനാൽ പ്രമുഖ കമ്പനികളായ ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്ര സെനേക, റോഷെ, എലി ലില്ലി പോലുള്ളവ യു.എസിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.