വിദേശത്തു നിന്നുള്ള മെഡിക്കൽ വിദ്യാർഥികൾ ഇന്ത്യയിലെ യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്നു: പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: വിദേശത്തു പഠിക്കുന്ന 90% മെഡിക്കൽ വിദ്യാർഥികളും ഇന്ത്യയിലെ യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. മെഡിക്കൽ പഠനത്തിനായി വിദ്യാർഥികൾ എന്തിന് വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നു എന്നത് സംബന്ധിച്ച് ചർച്ച നടത്താൻ അനുയോജ്യമായ സമയം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നും മെഡിക്കൽ പഠനം നേടുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ ജോലി ചെയ്യാൻ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പരീക്ഷ എഴുതേണ്ടതുണ്ട്. ഈ പരീക്ഷയിൽ വിജയിക്കാൻ വിദേശ മെഡിസിൻ വിദ്യാർഥികൾ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം.

അർഹരായ എല്ലാ ഉദ്യോഗാർത്ഥികളെയും ഉൾക്കൊള്ളാൻ ആവശ്യമായ മെഡിക്കൽ സീറ്റുകൾ ഇന്ത്യയിൽ ഇല്ലാത്തതിനാലാണ് വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ ആശ്രയം തേടുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു. വിദേശ യൂനിവേഴ്സിറ്റി ബിരുദധാരികൾ പ്രാക്ടീസിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയില്ലായിരുന്നുവെങ്കിൽ രാജ്യത്തെ സ്ഥിതി മോശമാകുമായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയർന്നു.

യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർഥികളാണ് സഹായമഭ്യർത്ഥിച്ചു കൊണ്ട് രംഗത്തെത്തിയത്. യുക്രെയ്നിലെ പ്രധാന നഗരങ്ങളിൽ നിന്നും അതിർത്തി പ്രദേശങ്ങളിലേക്ക് ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും ഇന്ത്യൻ വംശജർക്ക് ട്രെയിൻ യാത്ര വിലക്കിയതായി ആരോപിച്ച് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. പൂജ്യത്തിന് താഴെ താപനിലയിൽ കിലോമീറ്ററുകൾ നടന്ന് അതിർത്തിയിലെത്തുമ്പോൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം കാത്തുനിൽക്കാൻ നിർബന്ധിതരാകുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.

വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള സർക്കാർ നടപടികൾ മന്ദഗതിയിലായതോടെ പ്രതിപക്ഷ പാർട്ടികളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കാർ സുരക്ഷാ നടപടികൾ കൃത്യമായി ആഹ്വാനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നുവെന്നും രാജ്യം വിടാനുള്ള നിർദേശം പലരും അവഗണിക്കുകയായിരുന്നുവെന്നും ഒരു വിഭാഗം വാദിച്ചു.

പ്രശ്ന ബാധിതമല്ലാത്ത പ്രദേശങ്ങളിൽ നിന്നാണ് നിലവിൽ രക്ഷാപ്രവർത്തനം നടക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു. 9000ത്തിലധികം പേരെയാണ് ഇന്ത്യ യുക്രെയ്നിൽ നിന്നും തിരകെയെത്തിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും സുരക്ഷിതമായ പ്രദേശങ്ങളിലാണെന്നും സർക്കാർ അറിയിച്ചു.

Tags:    
News Summary - Medical students from abroad fail qualifying exams in India: Prahlad Joshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.