ന്യൂഡല്‍ഹി: ഉദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര കുമാർ (36) ആണ് മരിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദംപൂർ വ്യോമതാവളത്തിന് നേരെ പാക് ഡ്രോൺ ആക്രമണം നടന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തു. എന്നാൽ ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്രന്‍റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അർധ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. പുതിയ വീടിന്റെ താമസ ചടങ്ങിന് ശേഷം ഏപ്രില്‍ 20നാണ് സുരേന്ദ്ര കുമാർ തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉദ്ദംപൂരിലായിരുന്നു താമസിച്ചത്. വര്‍ധിക, ദക്ഷ് എന്നിവര്‍ മക്കളാണ്. പാകിസ്താൻ സൈന്യം ശനിയാഴ്ച നടത്തിയ മോർട്ടാർ ഷെല്ലിങ്ങിലും ഡ്രോൺ ആക്രമണങ്ങളിലും അതിർത്തി ജില്ലകളിൽ രണ്ട് വയസ്സുള്ള കുട്ടിയും ജില്ലതല ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. എട്ട് ബി.എസ്.എഫ് ജവാന്മാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ പോസ്റ്റിന് സമീപം ശനിയാഴ്ച രാവിലെ പാകിസ്താൻ നടത്തിയ ഷെൽ പൊട്ടിത്തെറിച്ചാണ് ഹിമാചൽ പ്രദേശുകാരനായ സുബേദാർ മേജർ പവൻ കുമാർ വീരമൃത്യു വരിച്ചത്. ജമ്മുവിലെ ആർ.എസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലിലാണ് ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസ് കൊല്ലപ്പെട്ടത്. രജൗരിയിൽ ഔദ്യോഗിക വസതിയിൽ പീരങ്കി ഷെൽ വീണ് അഡീഷനൽ ജില്ലാ വികസന കമീഷണർ രാജ് കുമാർ ഥാപ്പയും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.