ലഖ്നോ: മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂൺ ആണെന്ന് അടിവരയിട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഈ നിർണായക പങ്ക് മനസിലാക്കി തന്നെയാണ് തന്റെ സർക്കാർ മാധ്യമങ്ങളുമായി ഇടപഴകുകയെന്നും യോഗി ഉറപ്പു നൽകി. നോയ്ഡയിൽ പ്രമുഖ പത്രപ്രവർത്തകൻ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.
1975 ജൂൺ 25ന് അടിയന്തരാവസ്ഥ കാലത്ത് രാം നാഥ് ഗോയങ്ക വഹിച്ച പങ്കിനെ കുറിച്ചും യോഗി വാചാലനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥ. ആ സമയത്ത് ആവിഷ്‍കാര സ്വാതന്ത്ര്യന്റെയും സ്വതന്ത്ര വാർത്താമാധ്യമങ്ങളുടെയും ആവശ്യകതയെ കുറിച്ച് ഗോയങ്ക ഊന്നിപ്പറഞ്ഞു.
ജനാധിപത്യത്തിന്റെ സംരക്ഷണം എന്ന നിലക്ക് ഈ ദിനം എനിക്ക് വൈകാരികമായ ഒന്നാണെന്ന് പറഞ്ഞാണ് യോഗി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. 48 വർഷം മുമ്പ് ആക്രമണത്തിന് വിധേയമാക്കപ്പെട്ട മാധ്യമങ്ങളുടെ ആവിഷ്‍കാര സ്വാതന്ത്ര്യത്തിനു മാത്രമല്ല, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും ഏറെ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു രാംനാഥ് ഗോയങ്ക എന്നും യോഗി അനുസ്മരിച്ചു.
''യു.പിയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന നോയ്ഡയിൽ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഗോയങ്കക്കും ജനാധിപത്യത്തിനായി ജീവൻ ബലിയർപ്പിച്ച ഭടൻമാർക്കും ഞാൻ ആദരാഞ്ജലിയർപ്പിക്കുന്നു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന എല്ലാ ഗൂഢാലോചനകളെയും യു.പിയിലെ ജനങ്ങൾ ശക്തമായി എതിർക്കുന്നു. ''-യോഗി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.