ബംഗളൂരു: ആഗോള ടെക് ഭീമനായ ഒറാക്കിളില്‍ മാത്രം 12,000 ജീവനക്കാരെ പിരിച്ചുവിട്ടത് ഐ.ടി ഹബ്ബുകളില്‍ വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. 'ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം' എന്ന പേരില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇ-മെയിലിലൂടെ തൊഴില്‍ നഷ്ടം അറിയിച്ച കമ്പനിയുടെ നടപടി ജീവനക്കാരെ ഒന്നടങ്കം നടുക്കി. ഇന്ത്യന്‍ ഐ.ടി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ ആശങ്കാജനകമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒറാക്കിളിന് പുറമെ ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്‌സ്, ഇൻറൽ തുടങ്ങിയ ആഗോള കമ്പനികളും തങ്ങളുടെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ വലിയ തോതിൽ തൊഴിൽ വെട്ടിക്കുറയ്ക്കൽ തുടരുകയാണ്.
രണ്ട് പതിറ്റാണ്ടിലേറെയായി വളർച്ചയുടെ പാതയിലായിരുന്ന ഐ.ടി മേഖല ഇപ്പോൾ വലിയ തകർച്ചയെയാണ് നേരിടുന്നത്. 2005-2020 കാലയളവിൽ പ്രതിവർഷം 15 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിയിരുന്ന മേഖലയിൽ ഇപ്പോൾ അത് അഞ്ച് മുതൽ ആറ് ശതമാനം വരെയായി ചുരുങ്ങി. ഈ മാന്ദ്യം ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് വിപണിയെയും കാര്യമായി ബാധിച്ചു. ഐ.ടി ജീവനക്കാരുടെ വരുമാനത്തെ അടിസ്ഥാനമാക്കി വലിയ തുകയ്ക്ക് വീടുകളും ഫ്‌ളാറ്റുകളും ബുക്ക് ചെയ്തവർ, ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ നിക്ഷേപങ്ങളിൽ നിന്നും വായ്പകളിൽ നിന്നും പിന്തിരിയുന്നത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റമാണ് തൊഴിൽ മേഖലയിലെ ഈ വലിയ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഡെവലപ്പർമാരുടെ കുറഞ്ഞ വേതനം എന്ന ബിസിനസ് മോഡലിന് പകരം, അതിവേഗത്തിൽ പ്രവർത്തിക്കുന്ന എ.ഐ കോഡിങ് ഏജന്റുകളെ കമ്പനികൾ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.
2031ഓടെ ഐ.ടി സേവന മേഖലയിലെയും കോൾ സെന്ററുകളിലെയും 20 ശതമാനത്തോളം ജോലികൾ ഓട്ടോമേഷന് വഴിമാറുമെന്നാണ് നിതി ആയോഗിന്റെ റിപ്പോർട്ട്. ഈ പ്രതിസന്ധി കേവലം ഐ.ടി മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ വലിയ പങ്കുവഹിക്കുന്ന ഐ.ടി കയറ്റുമതി കുറയുന്നത് വരും വർഷങ്ങളിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തെപ്പോലും ബാധിച്ചേക്കാം. 2028ഓടെ വലിയ തോതിലുള്ള തൊഴിൽ നഷ്ടം ഉണ്ടായേക്കാമെന്ന 'സിട്രിനി റിസർച്ചിന്റെ' മുന്നറിയിപ്പ് ഭരണകൂടങ്ങളെയും വലിയ തോതിൽ ആശങ്കപ്പെടുത്തുന്നുണ്ട്. പരമ്പരാഗത ബിസിനസ് മോഡലുകളിൽ നിന്ന് എ.ഐ അധിഷ്ഠിത സേവനങ്ങളിലേക്ക് എത്ര വേഗത്തിൽ കമ്പനികൾ മാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലയുടെയും അതുവഴി രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിരത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.