തകര്‍ന്നത് മാവോവാദികളുടെ സുരക്ഷിത താവളങ്ങളിലൊന്ന്; കമാന്‍ഡോകള്‍ എത്തിയത് ആര്‍.കെയെ തേടി

ഹൈദരാബാദ്: തിങ്കളാഴ്ച ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ സുരക്ഷാസേന നടത്തിയ മാവോവേട്ടയിലൂടെ തകര്‍ന്നത് മാവോവാദികളുടെ രാജ്യത്തെ ഏറ്റവും സുരക്ഷിത താവളങ്ങളിലൊന്നെന്ന് വിലയിരുത്തല്‍. ഏതാനും നേതാക്കളടക്കം 27 മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തിന്‍െറ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ളെങ്കിലും മേഖലയില്‍ മാവോവാദികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഈ നടപടിയിലൂടെ കഴിയുമെന്ന് കമാന്‍ഡോ ഓപറേഷന് നേതൃത്വം നല്‍കിയ ഗ്രേ ഹണ്ട് നക്സല്‍ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒഡിഷയിലെ മാല്‍ക്കാങ്കിരി ജില്ലയിലെ ചിത്രകോണ്ട വനം മാവോവാദികള്‍ക്ക് ഏറ്റവും സ്വാധീനമുള്ള, രാജ്യത്തെതന്നെ ഏറ്റവും വലിയ മേഖലകളിലൊന്നാണ്. ഇവിടെ, ബാലിമേല അണക്കെട്ടിന് സമീപം ദശകത്തിലേറെയായി ഇവരുടെ നിയന്ത്രണത്തിലാണ്.

150ഓളം ഗ്രാമങ്ങള്‍ അടങ്ങുന്ന ഈ വലിയ മേഖലകളിലേക്ക് കടക്കാന്‍ മുമ്പ് സുരക്ഷാ സേന നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. 2008 ജൂണില്‍ 35 ഗ്രേഹണ്ട് കമാന്‍ഡോകള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ജലസംഭരണിയില്‍ കമാന്‍ഡോകള്‍ സഞ്ചരിച്ച ബോട്ട് മാവോവാദികള്‍ തകര്‍ക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം ചിത്രകോണ്ട മാവോവാദികളുടെ പൂര്‍ണ നിയന്ത്രണത്തിലായി. അതിനിടെയാണ്, ഇവിടെ അപ്രതീക്ഷിത കമാന്‍ഡോ ഓപറേഷന്‍ നടന്നതും നേതാക്കളടക്കമുള്ളവരെ വധിച്ചതും.

ആന്ധ്രയിലെയും ഒഡിഷയിലെയും സുരക്ഷാ സൈനിക നേതൃത്വം ഏതാനും ആഴ്ചകള്‍ക്കുമുമ്പുതന്നെ ഓപറേഷനുള്ള പദ്ധതി തയാറാക്കിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് മാല്‍ക്കാങ്കരിയിലെ ഏതാനും തദ്ദേശീയരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവോവാദികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തവരായിരുന്നു ഇവരെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവരിലൂടെയാണ് കമാന്‍ഡോകള്‍ ബാലിമേലയില്‍ എത്തിയത്. ഇവിടെ, മുതിര്‍ന്ന മാവോവാദി നേതാവ് രാമകൃഷ്ണന്‍ (ആര്‍.കെ) എത്തുമെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് കമാന്‍ഡോകള്‍ എത്തിയത്. ആര്‍.കെക്ക് സുരക്ഷാ കവചമൊരുക്കിയവരാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം.

പ്രമുഖ മാവോവാദി നേതാക്കളായ ഗജര്‍ല രവി എന്ന ഉദയ്, ഛലപതി എന്നിവരൊക്കെ ഇങ്ങനെയാണ് കൊല്ലപ്പെട്ടത്. ഛലപതിയുടെ ഭാര്യയും നന്ദാപൂര്‍ മേഖല കമ്മിറ്റി സെക്രട്ടറിയുമായ അരുണ, ഗണേശ്, ദയ എന്നീ പ്രദേശിക നേതാക്കളും കൊല്ലപ്പെട്ടു. ആര്‍.കെയുടെ ഭാര്യ ശ്രീഷ 2010ല്‍ അറസ്റ്റിലായതു മുതല്‍ കമാന്‍ഡോകള്‍ ഇവിടെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് വിവരം.

ഒരു മാവോവാദി കുടുംബത്തിന്‍െറ അന്ത്യം

കമാന്‍ഡോ ഓപറേഷനില്‍ കൊല്ലപ്പെട്ട ഗജര്‍ല രവിയെന്ന മാവോവദി നേതാവിനെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ചൊവ്വാഴ്ച ആന്ധ്രയിലെയും ഒഡിഷയിലെയും മാധ്യമങ്ങളില്‍ കാര്യമായും. രവിയുടെ മരണത്തോടെ, ഒരു മാവോവാദി കുടുംബത്തിന്‍െറ അന്ത്യമാണ് സംഭവിച്ചതെന്ന് പല മാധ്യമങ്ങളും എഴുതി.

ആന്ധ്രയിലും ഒഡിഷയിലുമായി കാല്‍നൂറ്റാണ്ടിലധികമായി മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഗര്‍ജല കുടുംബം. ഈ കുടുംബത്തിലെ അവസാനത്തെ ആളായിരുന്നു രവി എന്ന ഉദയ്. രവിയുടെ തലക്ക് ആന്ധ്ര പൊലീസ് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തെലങ്കാനയിലെ വാറങ്കലിനടുത്ത ഹന്‍മാകോണ്ടയില്‍ 1990ല്‍ ഐ.ടി.ഐ വിദ്യാര്‍ഥിയായിരിക്കെയാണ് രവി മാവോവാദി പ്രസ്ഥാനത്തിന്‍െറ ഭാഗമായത്. സംഘടനയുടെ പതാക കാമ്പസില്‍ ഉയര്‍ത്തിയതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
ഇതോടെ, രവിയുടെ സഹോദരന്‍ ആസാദും പ്രസ്ഥാനത്തിലേക്ക് വരുകയും ഒളിപ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു.
പിന്നീട് ഈ കുടുംബത്തിലെ അഞ്ചില്‍ നാലുപേരും പീപ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ ഭാഗമായി. ഈ സംഘടന പിന്നീട് സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടനയില്‍ ലയിച്ചു.

ആസാദ് സംഘടനയുടെ കേന്ദ്ര കമ്മിറ്റിയിലത്തെി. 2008ല്‍ വാറങ്കലിലുണ്ടായ ഏറ്റുമുട്ടലില്‍ ആസാദ് കൊല്ലപ്പെട്ടു. രവിയുടെ ഇളയ സഹോദരന്‍ അശോക് കഴിഞ്ഞവര്‍ഷം പൊലീസിന് കീഴടങ്ങിയിരുന്നു. 45കാരനായ രവിയും സംഘടനയുടെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.