ഗരിയബന്ദ്: തിങ്കളാഴ്ച രാത്രി ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ തലക്ക് ഒരു കോടി വിലയിട്ട നേതാവും. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ജയ് റാം എന്ന ചലപതിയാണ് കൊല്ലപ്പെട്ടത്. ചലപതിയെ വധിക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് അധികൃതർ വിലയിരുത്തുന്നത്. നക്സലസിത്തിനുള്ള കനത്ത തിരിച്ചടിയാണിതെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്. നക്സൽ വിമുക്ത ഭാരതത്തിനുള്ള സുരക്ഷസേനയുടെ നിശ്ചയദാർഢ്യമാണിതെന്നും നക്സലിസം അന്ത്യശ്വാസം വലിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
രാജ്യത്തെ പ്രധാന പിടികിട്ടാപ്പുള്ളികളിൽ ഒരാളായിരുന്നു ചലപതി. ആന്ധ്രപ്രദേശ് സ്വദേശിയായ ചലപതിക്ക് രാമചന്ദ്ര റെഡ്ഡി, അപ്പറാവു, രാമു തുടങ്ങിയ കള്ളപ്പേരുകളും ഉണ്ട്. സാധാരണ മാവോയിസ്റ്റ് കേഡറായാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് കേന്ദ്ര കമ്മിറ്റിയിൽ വരെ എത്തി. ഒളിപ്പോരിൽ വൈദഗ്ധ്യമുണ്ടായിരുന്നു. പത്ത് മാവോയിസ്റ്റുകളെ വരെ ചലപതിയുടെ സുരക്ഷക്കായി നിയോഗിച്ചിരുന്നു.
ഛത്തീസ്ഗഢിലെ ഗരിയബന്ദ് ജില്ലയിൽ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ചയാണ് സുരക്ഷസേന തിരച്ചിൽ തുടങ്ങിയത്. ഒഡിഷ അതിർത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ ഛത്തീസ്ഗഢിലെ കുലറിഗട്ട് റിസർവ് വനത്തിലായിരുന്നു ഓപറേഷൻ. ജില്ല റിസർവ് ഗാർഡ്, സി.ആർ.പി.എഫ്, ഛത്തിസ്ഗഢ് കോബ്രാ കമാൻഡോകൾ, ഒഡിഷയിലെ സ്പെഷൽ ഓപറേഷൻ ഗ്രൂപ് സംഘം തിരച്ചിലിനുണ്ടായിരുന്നു.
ഇതോടെ ഈ വർഷം ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 40 ആയി. കഴിഞ്ഞ വർഷം വ്യത്യസ്ത ഏറ്റുമുട്ടലിൽ 219 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.