മാവോവാദി ലക്ഷ്മി കീഴടങ്ങാൻ എത്തുന്നു

‘വാർത്തയിൽ നിന്നാണ് മാവോവാദികൾക്കുള്ള കീഴടങ്ങൽ പാക്കേജിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്’ -ഒടുവിൽ മാവോവാദി ലക്ഷ്മിയും കീഴടങ്ങി

മംഗളൂരു: കർണാടകയിൽ മാവോവാദി ശൃംഖലയിലെ അവസാന കണ്ണിയെന്ന് അവകാശപ്പെടുന്ന തോമ്പാട്ട് ലക്ഷ്മി കീഴടങ്ങി. മാവോവാദി കീഴടങ്ങൽ-പുനരധിവാസ പാക്കേജ് പ്രകാരം ഞായറാഴ്ച ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ. വിദ്യാകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ എന്നിവർ മുമ്പാകെയാണ് കീഴടങ്ങി. ഇവർക്ക് 7.50 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കും.

പൊലീസ് സുരക്ഷ അകമ്പടിയോടെ ഭർത്താവ് സഞ്ജീവ, സഹോദരൻ വിട്ടല പൂജാരി, ബന്ധുക്കൾ എന്നിവർക്കൊപ്പമാണ് ലക്ഷ്മി എത്തിയത്. കെ.പി. ശ്രീപാൽ ഉൾപ്പെടെ മാവോവാദി കീഴടങ്ങൽ-പുനരധിവാസ സമിതി അംഗങ്ങൾ, ജില്ല പഞ്ചായത്ത് സിഇഒ പ്രതീക് ബോയൽ തുടങ്ങിയവർ

കീഴടങ്ങൽ വേളയിൽ സന്നിഹിതരായി. ടിവി വാർത്തകളിൽ നിന്നാണ് സർക്കാറിൻ്റെ മാവോവാദി കീഴടങ്ങൽ പാക്കേജിനെക്കുറിച്ച് താൻ മനസ്സിലാക്കിയതെന്ന് ലക്ഷ്മി പറഞ്ഞു. സിദ്ധരാമയ്യ തങ്ങൾക്ക് ഒരു അവസരം നൽകി, അതിനനുസരിച്ച് താൻ യാതൊരു സമ്മർദവുമില്ലാതെ സ്വമേധയാ കീഴടങ്ങുകയാണ്. തങ്ങളുടെ ഗ്രാമത്തിൽ റോഡുകളും വെള്ളവും സ്‌കൂളുകളും ആശുപത്രികളും ഇല്ല. ഈ വിഷയത്തിൽ സിദ്ധരാമയ്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവർ പറഞ്ഞു.

കീഴടങ്ങിയതിനെത്തുടർന്ന് ലക്ഷ്മിയെ വൈദ്യപരിശോധനക്ക് ശേഷം കുന്താപുരം കോടതിയിൽ ഹാജരാക്കി. ലക്ഷ്മിക്കെതിരെ ബൈന്ദൂർ താലൂക്കിലെ അമാസെബൈൽ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുൺ പറഞ്ഞു. ഇതിൽ 2007 ലെ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങളും ആക്രമണവും ഭീഷണിപ്പെടുത്തലും ഉൾപ്പെടുന്നു.

കീഴടങ്ങൽ പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലക്ഷ്മിക്ക് ലഭിക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ. വിദ്യാകുമാരി വിശദീകരിച്ചു. പാക്കേജിനെ മൂന്ന് തട്ടുകളായി തരംതിരിച്ചിരിക്കുന്നു: കീഴടങ്ങുന്ന കേസുകൾ തീർപ്പാക്കാത്ത സംസ്ഥാനത്ത് നിന്നുള്ള വ്യക്തികൾക്ക് കാറ്റഗറി എ 7.50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. ഒന്നിൽ കൂടുതൽ അംഗങ്ങളുമായി കീഴടങ്ങുന്ന സംസ്ഥാനത്തിന് പുറത്ത് സായുധരായ മാവോവാദികൾക്ക് കാറ്റഗറി ബി നാല് ലക്ഷം രൂപ നൽകുന്നു. മാവോവാദി ഗ്രൂപ്പുകളുമായുള്ള ബന്ധത്തിൽ കേസുള്ളവർക്ക് രണ്ട് ലക്ഷം രൂപയാണ് കാറ്റഗറി സി വാഗ്ദാനം ചെയ്യുന്നത്. ലക്ഷ്മി എ കാറ്റഗറിയിലേക്ക് യോഗ്യത നേടി. അവരുടെ പുനരധിവാസം, പരിശീലനം, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവക്കുള്ള ശുപാർശകൾ ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്.

ലക്ഷ്മിയുടെയും കീഴടങ്ങിയ മറ്റു മാവോവാദികളുടേയും സാമൂഹിക ആവശ്യങ്ങൾക്കായി സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് പുനരധിവാസ സമിതി അംഗം കെപി ശ്രീപാൽ അറിയിച്ചു. മാവോവാദികളുമായി പുനരധിവാസ പാക്കേജിനെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിൽ ഇദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നു.

തോമ്പാട്ടിലെ പഞ്ചു പൂജാരിയുടെ ഏഴ് മക്കളിൽ ഏക പെൺകുട്ടിയായ ലക്ഷ്മി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഗ്രാമത്തിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. അക്കാലത്ത് പശ്ചിമഘട്ടത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന മാവോവാദി പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. മദ്യശാലകൾക്കെതിരായ പ്രതിഷേധങ്ങളിലെ പങ്കാളിത്തമാണ് ഈ പോരാളിയെ ശ്രദ്ധേയയാക്കിയത്. മാവോവാദി ഗ്രൂപ്പിൽ ഇടപെട്ടതിനെത്തുടർന്ന് ലക്ഷ്മി പ്രസ്ഥാനത്തിൽ കൂടുതൽ സജീവമായി. 2008-2010 ഓടെ മറ്റൊരു മാവോവാദി സഞ്ജീവയെ വിവാഹം കഴിക്കുകയും പിന്നീട് ആന്ധ്രാപ്രദേശിലേക്ക് താമസം മാറ്റുകയും ചെയ്തു.

Tags:    
News Summary - Maoist Lakshmi surrenders in Karnataka's Udupi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.