കേസ് ഒഴിവാക്കാൻ ബി.ജെ.പിയുടെ ഉപാധികൾ തുറന്ന് പറഞ്ഞ് മനീഷ് സിസോദിയ; മറുപടിയിതാണ്

ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ തുറന്നുപറച്ചിൽ. തനിക്കെതിരെയുള്ള സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകൾ അവസാനിപ്പിക്കാമെന്ന വാഗ്ദാനം ബി.ജെ.പിയിൽ നിന്ന് ലഭിച്ചുവെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

ഡൽഹി സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ടാണ് മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ നടപടി തുടങ്ങിയത്. ഇതിനെ തുടർന്ന് മനീഷ് സിസോദിയയുടെ വീട്ടിലടക്കം റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, സി.ബി.ഐയുടെ കേസും നടപടികളും അവസാനിപ്പിക്കാമെന്ന് കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പിയിൽ നിന്ന് തനിക്ക് അറിയിപ്പ് ലഭിച്ചുവെന്നാണ് സിസോദിയ പറയുന്നത്.

ആം ആദ്മി പാർട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയ പാർട്ടി വിട്ട് ബി.​ജെ.പിയിൽ ചേരണമെന്നാണ് കേസുകൾ അവസാനിപ്പിക്കാൻ ബി.ജെ.പി മുന്നോട്ട് വെച്ച ഉപാധി. പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നാൽ മുഴുവൻ കേസുകളും നടപടികളും അവസാനിപ്പിക്കാമെന്ന് ബി.ജെ.പി തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തത്.

എന്നാൽ, മഹാറാണാ പ്രതാപിന്റെ പിൻഗാമിയായ രജപുത്രനാണ് താനെന്നായിരുന്നു മനീഷ് സിസോദിയയുടെ മറുപടി. തന്റെ തല വെട്ടി മാറ്റിയാലും അഴിമതിക്കാരായ ഗൂഡാലോചനക്കാർക്ക് മുമ്പിൽ തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസുകൾ മുഴുവൻ വ്യാജമാണ്. ബി.ജെ.പിക്ക് വേണ്ടത് ബി.ജെ.പി ചെയ്യട്ടെയെന്നും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Manish Sisodia Claims Message from BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.